പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയോട് തോറ്റ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്.

പി.എസ്.ജിയുടെ മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരം സമനിലയിലായതോടെയാണ് ബാഴ്സ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. ബാഴ്സയുടെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരം 4-1ന് പി.എസ്.ജി സ്വന്തമാക്കിയിരുന്നു. ഇരു പാദങ്ങളിലുമായി 5-2 ജയത്തോടെ പി.എസ്.ജി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

മത്സരത്തില്‍ തുടക്കത്തില്‍ ലഭിച്ച ആനുകൂല്യം മുതലാക്കാന്‍ സാധിക്കാതിരുന്നതും ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതുമാണ് ബാഴ്സയ്ക്ക് തിരിച്ചടിയായത്.

31-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കിലിയന്‍ എംബാപ്പെ പി.എസ്.ജിക്കായി സ്‌കോര്‍ ചെയ്തതോടെ ബാഴ്സയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. 37-ാം മിനിറ്റില്‍ 25 മീറ്റര്‍ അകലെ നിന്നുള്ള ഷോട്ടിലൂടെ മെസ്സി ബാഴ്സയ്ക്കായി സ്‌കോര്‍ ചെയ്തു.

പക്ഷേ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മുന്നിലെത്താന്‍ ലഭിച്ച അവസരം മെസ്സി നഷ്ടപ്പെടുത്തി. താരത്തിന്റെ പെനാല്‍റ്റി കിക്ക് ഗോള്‍ കീപ്പര്‍ കെയ്ലര്‍ നവാസ് രക്ഷപ്പെടുത്തുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ 2015-ന് ശേഷം ആദ്യമായാണ് മെസ്സി ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം പോര്‍ട്ടോയോട് തോറ്റ് യുവന്റസും പുറത്തായതോടെ 2005-ന് ശേഷം മെസ്സിയോ റൊണാള്‍ഡോയൊ ഇല്ലാത്ത ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലാകും ഇത്തവണത്തേത്.