കോഴിക്കോട്: കുന്നമംഗലം മണ്ഡലം ഇടത് എം.എല്‍.എ പി.ടി.എ. റഹിമിന്റെ ഇന്നോവ കാര്‍ സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതിയുടെ സമ്മാനമെന്ന് വെളിപ്പെടുത്തല്‍. നിലവില്‍ റഹിം ഉപയോഗിക്കുന്ന ഇന്നോവ കാര്‍ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സമ്മാനിച്ചതാണെന്ന് വെളിപ്പെടുത്തലുമായി മാതൃഭൂമി ന്യൂസാണ് രംഗത്തെത്തിയിരിക്കുന്നത്.

എം.എല്‍.എയുടെ പേരിലുള്ള കെ.എല്‍ 58 എല്‍ 4717 എന്ന ഇന്നോവ കാറാണ് ആരോപണത്തില്‍പെടുന്ന വാഹനം.
കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ഖാദറും ഫൈസലും ചേര്‍ന്നാണ് എംഎല്‍എക്ക് കാര്‍ സമ്മാനിച്ചതെന്ന്, കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസാണ് വെളിപ്പെടുത്തിയത്.

2013 നവംബറിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. തലശേരി ആര്‍ടിഒ ഓഫീസില്‍ നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലായിരുന്നു ഈ വാഹനത്തിന്റ ആദ്യ രജിസ്റ്ററേഷന്‍. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം 2014 ജനുവരി മൂന്നിന് എം.എല്‍.എയുടെ അടുത്ത ബന്ധുവായ ലുഫ്ത്തി മുഹമ്മദിന്റെ പേരിലേക്ക് വാഹനത്തിന്റെ രജിസ്റ്ററേഷന്‍ മാറ്റി. പിന്നീട്, 2014 ജൂണ്‍ എട്ടിന് വാഹനം പിടിഎ റഹിം എംഎല്‍എയുടെ പേരിലേക്ക് മാറ്റുകയാണുണ്ടായത്.

റഹീമിന്റെ കാര്‍ മൂന്ന് തവണ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും കാണിച്ചിട്ടുണ്ട്.