ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2017-18 സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ആസന്നമായ തണുപ്പുകാലത്തെ പേടിക്കണമെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്യാപ്ടനും ഫുട്‌ബോള്‍ പണ്ഡിറ്റുമായ ഗാരി നെവില്‍. ആദ്യ പത്ത് മത്സരങ്ങളില്‍ ഒമ്പതും ജയിച്ചെങ്കിലും നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളാവും സിറ്റി കിരീടം നേടുമോ ഇല്ലേ എന്ന കാര്യം തീരുമാനിക്കുക എന്ന് നെവില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് സീസണിലും ആദ്യത്തെ മൂന്നു മാസങ്ങലില്‍ സിറ്റി മിന്നും ഫോമിലായിരുന്നുവെന്നും തണുപ്പുകാലത്താണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്നും നെവില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകളാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം നേടിയത്. കഴിഞ്ഞ രണ്ടു വര്‍ഷവും ആദ്യ മൂന്ന് മാസങ്ങളില്‍ 2.3 എന്ന മികച്ച പോയിന്റ് ശരാശരി സിറ്റിക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ 1.6, 1.7 എന്നിങ്ങനെയായി പോയിന്റ് കുറയുകയും ടേബിളില്‍ പിറകോട്ട് പോവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളിലെ പിഴവുകളില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ഇത്തവണയും സിറ്റിക്ക് കിരീടം നേടാനാവില്ലെന്ന് നെവില്‍ പറയുന്നു.

‘അവര്‍ അങ്ങേയറ്റം ഉന്നത നിലയിലാണ് ഇപ്പോള്‍. അവര്‍ക്കു മാത്രമേ അവരെ തടയാന്‍ കഴിയൂ. ശൈത്യകാലത്ത് അവര്‍ എങ്ങനെ കളിക്കും എന്നതാണ് ഞാന്‍ ഉറ്റുനോക്കുന്നത്.’ നെവില്‍ പറഞ്ഞു.

‘മാനുവല്‍ പെല്ലഗ്രിനിക്കും പെപ് ഗ്വാര്‍ഡിയോളക്കും കീഴിലുള്ള കഴിഞ്ഞ ഓരോ സീസണ്‍ നോക്കുക. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ അവര്‍ക്ക് കിരീടം നേടാന്‍ കഴിയുമായിരുന്നു. ഇത്തവണയും അവര്‍ അതേ സ്ഥിതിയിലേക്ക് താഴുകയാണെങ്കില്‍ കാര്യം കഷ്ടമാവും. ഫുട്‌ബോള്‍ കളിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള മാസങ്ങളാണത്. മത്സരങ്ങളുടെ ആധിക്യവും രൂക്ഷമായ കാലാവസ്ഥയും പരിക്കിനുള്ള സാധ്യതയും തിരക്കുപിടിച്ച ഫിക്‌സ്ചറും ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും ക്രിസ്മസ് സമയവും എല്ലാം ഫുട്‌ബോള്‍ കളിക്കാരെ സംബന്ധച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഫുട്‌ബോള്‍ കളിക്കാന്‍ എളുപ്പം.’ നെവില്‍ പറഞ്ഞു.