ന്യൂഡല്‍ഹി: പഞ്ചാബില്‍ കര്‍ഷകരുടെ റാലിക്കെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കാര്‍ഷിക ബില്ലിനെതിരെ സംഘടിപ്പിക്കപ്പെട്ട റാലി കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ പുതിയ ഉണര്‍വു സമ്മാനിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ റാലിയില്‍ രാഹുല്‍ സഞ്ചരിച്ച ട്രാക്ടറിലെ കുഷ്യന്‍ പിടിപ്പിച്ച സീറ്റുകളെ ചൊല്ലി വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.

ബിജെപി അനുകൂല സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് രാഹുലിനെതിരെ സംഘടിത പ്രചാരണം അഴിച്ചുവിട്ടത്. സോഫയിലിരുന്നു രാജകുമാരനെ (ഷെഹ്‌സാദ) പോലെയാണ് രാഹുല്‍ പ്രതിഷേധിച്ചത് എന്നാണ് ആരോപണം. രാഹുലിന്റെ സീറ്റില്‍ ഉണ്ടായിരുന്ന പത്തു രൂപയുടെ വെള്ളക്കുപ്പി കാണിച്ച് സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിച്ചും പ്രചാരണത്തിന്റെ ഭാഗമായി എന്നും ആക്ഷേപമുയര്‍ത്തി. എബിപി ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി വക്താവ് അമിത് മാളവ്യ, സ്മൃതി ഇറാനി അടക്കമുള്ളവര്‍ റാലിയുടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. പ്രൊട്ടസ്റ്റ് ടൂറിസം എന്നാണ് പുരി പരിഹസിച്ചത്. വിഐപി കിസാന്‍ എന്നായിരുന്നു സ്മൃതിയുടെ പരിഹാസം.

എന്നാല്‍ നികുതി ദായകരുടെ എണ്ണായിരം കോടി രൂപ ഉപയോഗിച്ച് വിമാനം വാങ്ങിയ നരേന്ദ്രമോദി ഇപ്പോഴും ഫഖീര്‍ (ദരിദ്രന്‍) ആണെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ തിരിച്ചടിക്കുന്നത്. നരേന്ദ്രമോദി എന്നെഴുതിയ ലക്ഷക്കണക്കിന് രൂപയുടെ സ്യൂട്ട് ധരിച്ച മോദിയുടെ ചിത്രങ്ങളും ട്വിറ്ററില്‍ വൈറലാണ്. യുഎസില്‍ തയ്യാറാക്കിയ ബോയിങ് 777 വിമാനമാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. മറ്റൊരു വിമാനം കൂടി അടുത്തിടെ രാജ്യത്തെത്തുമെന്ന് കരുതപ്പെടുന്നു. 8400 കോടി രൂപയുടെ കരാറാണിത്. മണിക്കൂറില്‍ 900 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന വിമാനമാണിത്.

ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മറുപടിയുമായി രാഹുലും രംഗത്തെത്തി. സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് അത്തരത്തില്‍ ഒരു വിമാനം ഉള്ളതു കൊണ്ടാണ് മോദിയും അങ്ങനെയൊന്ന് വാങ്ങിയത് എന്നാണ് രാഹുല്‍ പരിഹസിച്ചത്. വന്‍തുകയ്ക്ക് വിമാനങ്ങള്‍ വാങ്ങിയതിനെ കുറിച്ച് അവരോട് ചോദ്യങ്ങള്‍ ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണ്. എന്നാല്‍ ട്രാക്ടറില്‍ തന്റെ അഭ്യുദയാകാംക്ഷികളില്‍ ആരോ കുഷ്യന്‍ വെച്ചത് എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തു- രാഹുല്‍ പറഞ്ഞു.

മാല്‍വ മേഖലയിലെ മോഗ, ലുധിയാന, സന്‍ഗ്രൂര്‍, പാട്യാല ജില്ലകളില്‍ അമ്പത് കിലോമീറ്റര്‍ പിന്നിട്ടായിരുന്നു രാഹുലിന്റെ യാത്ര. ആയിരക്കണക്കിന് കര്‍ഷകരാണ് രാഹുലിന് പിന്നില്‍ അണിനിരന്നത്. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും റാലിയുടെ ഭാഗമായി.