പട്‌ന: ബിഹാറില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്‌തെന്ന ആരോപണവുമായി പ്ലൂരല്‍സ് പാര്‍ട്ടി അധ്യക്ഷ പുഷ്പം പ്രിയ ചൗധരി. ബിജെപി തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും അവര്‍ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഗോദയിലിറങ്ങിയ പ്രിയ ബങ്കിപ്പൂര്‍, ബിസ്ഫി മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്.

എന്നാല്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. യന്ത്രങ്ങളുടെ വിശ്വാസ്യത സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2017ല്‍ കമ്മിഷന്‍ യന്ത്രങ്ങള്‍ പരിശോധനയ്ക്കായി പൊതുജനങ്ങള്‍ക്കു മുമ്പില്‍ വച്ചിരുന്നു. ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ല- ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുദീപ് ജെയിന്‍ പറഞ്ഞു.

മത്സരിച്ച രണ്ടു സീറ്റിലും നോട്ടയേക്കാള്‍ കുറവ് വോട്ടാണ് പ്രിയയ്ക്ക് ലഭിച്ചിട്ടുള്ളത്. ബങ്കിപ്പൂരില്‍ ഉച്ചവരെ ഇവര്‍ക്ക് ലഭിച്ചത് 121 വോട്ടാണ്. ഇവിടെ ബിജെപി എംഎല്‍എ 2500 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ബിസ്ഫിയില്‍ 49 വോട്ടുകള്‍ മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്.

2030 ഓടെ ബിഹാറിനെ യൂറോപ്പാക്കി മാറ്റും എന്നതായിരുന്നു ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

അതിനിടെ, ബിഹാര്‍ തെരഞ്ഞെടുപ്പിലെ അന്തിമ ഫലം വൈകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് വോട്ടെണ്ണുന്നത് എന്നും കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് 63 ശതമാനം പോളിങ് ബൂത്തുകള്‍ കോവിഡ് മൂലം വര്‍ധിച്ചിട്ടുണ്ട്. ഓരോ ബൂത്തിലൂം 1000-1500 വോട്ടര്‍മാരേയുള്ളൂ. ഒരു കോടി വോട്ടാണ് ഇതുവരെ എണ്ണിയിട്ടുള്ളത്. ഇന്ന് അര്‍ദ്ധരാത്രിയോടെ മാത്രമേ അന്തിമ ഫലം ഉണ്ടാകൂ- കമ്മിഷന്‍ വ്യക്തമാക്കി.