നിലമ്പൂര്‍: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിക്ക് സെന്റിന് 57 രൂപ വിലയിട്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെ തട്ടിപ്പ്. 2015 വരെ എം.എല്‍.എ വാങ്ങിയ ഭൂമിക്കാണ് ഈ മോഹ വില. സര്‍ക്കാര്‍ ന്യായ വിലയുടെ നാലയലത്തുപോലും എത്താത്ത തുക കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും എം.എല്‍.എ കബളിപ്പിച്ചിരിക്കുകയാണ്.

അനധികൃത ഭൂമി സമ്പാദനത്തില്‍ പി.വി അന്‍വറിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ ഭൂമിയുടെ വിവരത്തിലൂടെയാണ് പി.വി അന്‍വറിന്റെ അനധികൃത ഭൂമി സമ്പാദനം വ്യക്തമാകുന്നത്. തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളിലായി 207.84 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന് എം.എല്‍. എ തന്നെ സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നു.

207.84 ഏക്കര്‍ ഭൂമിയുടെ വിലയായി കാണിച്ചിരിക്കുന്നത് 11,88,900 രൂപയാണ്. അതായത് ഒരു ഏക്കര്‍ ഭൂമിക്ക് 5720 രൂപ, ഒരു സെന്റിന് അന്‍പത്തിയേഴ് രൂപ 20 പൈസ. 2015 വരെ വാങ്ങിക്കൂട്ടിയ ഭൂമിക്ക് വരെ ഈ വിലയാണ് കാണിച്ചിരിക്കുന്നത്. തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളികളില്‍ സെന്റിന് നാലായിരം രൂപ ന്യായവില ഉണ്ടായിരുന്ന കാലയളവിലാണ് ഈ തുച്ഛമായ തുക കാണിച്ച് എം.എല്‍.എ കള്ളക്കളി നടത്തിയിരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് രംഗം ഏറെ പുഷ്ടിപ്പെട്ടിരുന്ന ഇക്കാലയളവില്‍ ഇവിടങ്ങളില്‍ അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ മാര്‍ക്കറ്റ് വില ഉണ്ടായിരുന്ന സമയത്താണ് പി.വി അന്‍വര്‍ ഇത്രയും കുറഞ്ഞ വില ഭൂമിക്ക് കാണിച്ചിരിക്കുന്നത്. വസ്തുത ഇതാണെന്നിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെ പി.വി അന്‍വര്‍ എം.എല്‍.എ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അനധികൃത ഭൂമി സമ്പാദനം ഉള്‍പ്പെടെ സമീപകാലത്ത് പുറത്ത് വന്ന നിയമലംഘനങ്ങളിലൊന്നും എം.എല്‍. എ പ്രതികരിക്കാനും തയ്യാറായിട്ടില്ല.