ദോഹ: നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനു(നാറ്റോ)മായി ഖത്തര്‍ സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സൈനിക സഹകരണത്തിലേര്‍പ്പെട്ടത്.
അമീര്‍ കഴിഞ്ഞദിവസം നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗുമായും മുതിര്‍ന്ന നാറ്റോ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഖത്തറും നാറ്റോയും തമ്മിലുള്ള സഹകരണം യോഗത്തില്‍ വിലയിരുത്തി. സൈനിക, സുരക്ഷാമേഖലകളിലെ തുടര്‍സഹകരണം സംബന്ധിച്ച് വിശദമായ ചര്‍ച്ചകളും വിലയിരുത്തലുകളും നടന്നു. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഇരുവരും പങ്കുവച്ചു. മേഖലയും ലോകവും നേരിടുന്ന വെല്ലുവിളികള്‍, രാജ്യാന്തര സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ചര്‍ച്ചയായി. തീവ്രവാദത്തിനെതിരായ ഖത്തറിന്റെ പോരാട്ടങ്ങള്‍, രാജ്യം വഹിക്കുന്ന പങ്കാളിത്തം, നാറ്റോയുമായുള്ള സഹകരണം എന്നിവയുടെ കാര്യത്തില്‍ ഖത്തറിന് നന്ദി അറിയിക്കുന്നതായി നാറ്റോ സെക്രട്ടറി ജനറല്‍ അറിയിച്ചു.
അല്‍ഉദൈദ് എയര്‍ബേസ് മുഖേനയാണ് തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ ഖത്തറിന്റെ നാറ്റോയുമായുള്ള സഹകരണം. ഇതിന്റെ തുടര്‍ച്ചയായാണ് സൈനിക,സുരക്ഷാമേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഖത്തര്‍ സായുധസേനയും നാറ്റോയുമാണ് കരാറിലേര്‍പ്പെട്ടത്. അമീറിന്റെയും സെക്രട്ടറി ജനറലിന്റെയും സാന്നിധ്യത്തില്‍ ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്ത് നടന്ന ചടങ്ങളില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റോസ്് ഗോട്ടിമുള്ളറുമാണ് കരാറില്‍ ഒപ്പുവച്ചത്. ഖത്തറും നാറ്റോയും സൈനികസഹകരണത്തിന്റെ അടിത്തറ പാകിയിരിക്കുകയാണെന്നും രണ്ടുപക്ഷവും ഒപ്പുവച്ച കരാര്‍ ഏറെ തന്ത്രപ്രാധാന്യമുള്ളതാണ്.
മേഖലാതലത്തിലും രാജ്യാന്തരതലത്തിലും സുരക്ഷാവെല്ലുവിളികളോടു പ്രതികരിക്കുന്നതിലും സമാധാനം സാധ്യമാക്കുന്നതിലും കരാര്‍ സഹായകമാകുമെന്നും അമീര്‍ ട്വിറ്ററില്‍ കുറിച്ചു.
യൂറോപ്യന്‍ കമ്മീഷന്‍ ജീന്‍ ക്ലൗഡ് ജന്‍കറുമായും അമീര്‍ ബ്രസല്‍സില്‍ കൂടിക്കാഴ്ച നടത്തി. ഖത്തറും യൂറോപ്യന്‍ കമ്മീഷനുമായുള്ള സഹകരണം ചര്‍ച്ച ചെയ്ത ഇരുവരും സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതും ചര്‍ച്ചയായി. യൂറോപ്യന്‍ യൂണിയന്‍ ഫോര്‍ ഫോറിന്‍ അഫയേഴ്‌സ് ആന്റ് സെക്യൂരിറ്റി പോളിസി ഹൈ റപ്രസന്റേറ്റീവ് ഫെഡറിക മോഗെറിനിയുമായും അമീര്‍ ചര്‍ച്ച നടത്തി.
ഖത്തറും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണമാണ് പ്രധാനമായും ചര്‍ച്ചയായത്.
ഖത്തര്‍ വിദേശകാര്യമന്ത്രാലയവും യൂറോപ്യന്‍ യൂണിയന്റെ യൂറോപ്യന്‍ എക്‌സ്റ്റേണല്‍ ആക്ഷനും സഹകരണകരാറില്‍ ഒപ്പുവച്ചു.
Be the first to write a comment.