അശ്‌റഫ് തൂണേരി

ദോഹ:ലോക കായിക മാമാങ്കം നേരിലാസ്വദിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇനി ആശ്വസിക്കാം; ഇരിപ്പിടമുറപ്പിക്കാന്‍ ഇതാ അവസരമായി. ഖത്തര്‍ 2022 ഫിഫ ലോക കപ്പിന്റെ ആദ്യഘട്ട ടിക്കറ്റ് വിതരണം ആരംഭിച്ചു.

ഇന്ന് ഉച്ചക്ക് ഖത്തര്‍ സമയം ഒന്നോടെ തുടക്കമായ ടിക്കറ്റ് ബുക്കിംഗ് 2022 ഫെബ്രുവരി 8 ഉച്ച 1 മണിവരെയായിരിക്കും. ഓണ്‍ലൈന്‍ വഴി പണമടച്ചാണ് ടിക്കറ്റ് ഉറപ്പുവരുത്തേണ്ടത്.

ഖത്തറില്‍ താമസക്കാരായ എല്ലാവര്‍ക്കും ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ കളികാണാന്‍ അവസരമൊരുക്കുകയാണ് സംഘാടകര്‍. കാറ്റഗറി നാലിലാണ് 40 റിയാലിന് (819 ഇന്ത്യന്‍ രൂപ) ടിക്കറ്റ് ലഭിക്കുക. 1990-ലെ ഇറ്റലി ലോക കപ്പിന് ശേഷമുള്ള ടിക്കറ്റ് ചാര്‍ജ്ജിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിസ കാര്‍ഡ് വഴി മാത്രമാവും ഖത്തറിലുള്ളവര്‍ക്ക് തുക അടക്കാനാവുക. അതേസമയം ഖത്തറിന് പുറത്തുള്ളവര്‍ക്ക് മറ്റ് വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴി പണമടക്കാനുള്ള സംവിധാനവും ലഭ്യമാണ്. ആരാധകര്‍ക്കായി ഫാന്‍ തിരിച്ചറിയല്‍ കാര്‍ഡായ ഹയ്യാ കാര്‍ഡും ഖത്തര്‍ ലോകകപ്പില്‍ നടപ്പിലാക്കുമെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചിരുന്നു.
ടിക്കറ്റ് ബുക് ചെയ്യാനും വിശദവിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: 

https://www.fifa.com/tournaments/mens/worldcup/qatar2022/tickets