ദോഹ: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ആശങ്കയില്‍ കഴിയുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളിയാവണമെന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ദുരിതാശ്വാസ സഹായവുമായി രംഗത്ത്. പ്രളയ ബാധിത മേഖലകളിലേക്ക് ഒരു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ദുരിതബാധിതരെ സഹായിക്കാന്‍ ആഹ്വാനം ചെയ്തു വിളിച്ചുചേര്‍ത്ത പഞ്ചായത്ത് മുനിസിപ്പല്‍ മണ്ഡലം ജില്ല ഏരിയ ഭാരവാഹികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും പ്രധാന പ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം. പ്രവര്‍ത്തകര്‍ ഒന്നടങ്കം സംസ്ഥാന കെഎംസിസി കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ സഹായ നിധിയിലേക്ക് സഹായങ്ങള്‍ ഉറപ്പുനല്‍കി. ദുരിതാശ്വാസനിധിയിലേക്ക് ഓരോ കെഎംസിസി അംഗവും ചുരുങ്ങിയത് ഇരുപത് റിയാലോ ഒരു ദിവസത്തെ വേതനമോ അതല്ലെങ്കില്‍ ഒരു ദിവസത്തെ വരുമാനമോ അതില്‍ കൂടുതലോ നല്‍കികൊണ്ട് ദുരിതാശ്വാസനിധിയുമായി പരമാവധി സഹകരിക്കണമെന്ന് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് എസ്എസ്എം ബഷീറിന്റെ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ നിസാമിയുടെ പ്രാര്‍ത്ഥന നടത്തി. ആക്ടിങ് ജനറല്‍സെക്രട്ടറി റയീസ് വയനാട് സ്വാഗതവും കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.