• സമുദ്രവ്യാപാരം സംബന്ധിച്ച കരട് നിയമത്തിനും അംഗീകാരം
• പ്രാദേശിക രാജ്യാന്തര കായികപരിപാടികള്‍ക്കായി പുതിയ കമ്മറ്റി

ദോഹ: പ്രവാസി തൊഴിലാളികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച നിയമവുമായി ബന്ധപ്പെട്ട 2015ലെ 21-ാം നമ്പര്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം. ആഭ്യന്തരമന്ത്രിയാണ് എക്‌സിക്യുട്ടീവ് റഗുലേഷന്‍ സംബന്ധിച്ച കരടുരേഖ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. ഖത്തറിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ വരവ്, താമസം, മടക്കയാത്ര തുടങ്ങി എല്ലാകാര്യങ്ങളുടെയും നിയന്ത്രണം ഈ ട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും. പ്രവാസി ജീവനക്കാരുടെ ആശ്രിതര്‍, അവരുടെ താമസാനുമതി, സന്ദര്‍ശക വിസ, ഖത്തറിലെ തുറമുഖത്തുകൂടി കപ്പലുകള്‍ക്കു കടന്നുപോകാനുള്ള അനുമതി തുടങ്ങിയ കാര്യങ്ങളിലും പുതിയ ചട്ടങ്ങളാവും തുടര്‍ന്ന് ബാധകമാകുക. പ്രാദേശിക, രാജ്യാന്തര തലങ്ങളില്‍ കായിക മത്സരങ്ങളും പരിപാടികളും ഈവന്റുകളും സംഘടിപ്പിക്കുന്നതിനായി പുതിയ സംഘാടക സമിതി രൂപീകരിക്കണമെന്ന കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. സാംസ്‌കാരിക കായിക മന്ത്രാലയമാണ് സമിതി രൂപീകരിക്കുക.
മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും സമിതി അംഗങ്ങള്‍. പ്രാദേശിക, രാജ്യാന്തര കായിക ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതിനുള്ള വിവിധ കായിക സംഘടനകളുടെ അപേക്ഷകള്‍ പരിശോധിക്കുകയും വിലയിരുത്തുകയും അനുമതി നല്‍കുകയും ചെയ്യല്‍. സംഘടിപ്പിക്കുന്ന പരിപാടികളുടെ സാധ്യതാപഠനം നടത്തുകയും അവകൊണ്ട് രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് അഭിപ്രായങ്ങളും പ്രതികരണങ്ങളും വിവരസമാഹരണവും തേടല്‍ എന്നിവയാണ് സമിതിയുടെ പ്രധാനചുമതല. സംഘടിപ്പിക്കുന്ന കായികപരിപാടികളില്‍ ബന്ധപ്പെട്ട ഇതോറിറ്റികളുമായി ചേര്‍ന്ന് ഗുണമുള്ള കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയെന്നതും സമിതിയുടെ ഉത്തരവാദിത്വമാണ്.
സമുദ്രവ്യാപാരം സംബന്ധിച്ച കരടുനിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. യുദ്ധക്കപ്പലുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, ട്രോളറുകള്‍, ആഡംബരക്കപ്പലുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജലവാഹനങ്ങള്‍ എന്നിവയൊഴികെ മറ്റെല്ലാത്തരം ജലയാനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്.
അതുപോലെ ഖത്തറിന്റെ ജലാതിര്‍ത്തിയിലും രാജ്യാന്തര സമുദ്രാതിര്‍ത്തിക്കുള്ളിലും നടക്കുന്ന എല്ലാ വ്യാപാര, വാണിജ്യ ഇടപാടുകള്‍ക്കും ജലവാഹന നീക്കത്തിനും കടലിലെ ഖനനം, സമുദ്രാന്തര്‍ഭാഗത്തെ കേബിള്‍ വിന്യാസം, ആഴക്കടല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയ്ക്കും പുതിയ നിയമം ബാധകമാണ്. നിയമം പ്രാബല്യത്തിലായി ആറുമാസത്തിനുള്ളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്വദേശ, വിദേശ ജലയാനങ്ങള്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നു ലൈസന്‍സ് നേടണം. ലൈസന്‍സ് എടുക്കാനുള്ള കാലാവധി വീണ്ടും ആറു മാസത്തേക്കു നീട്ടാനും ഗതാഗത മന്ത്രിക്ക് അധികാരമുണ്ട്. ഖത്തര്‍ പെട്രോളിയവുമായി ബന്ധപ്പെട്ട എല്ലാ ജോലികളേയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമ്മേളനങ്ങളും ഇവന്റുകളും നടത്തുന്ന സര്‍ക്കാര്‍ കമ്മറ്റികളുടെ നിയന്ത്രണം സംബന്ധിച്ച 2015ലെ 34ാം നമ്പര്‍ ഉത്തരവിലെ ചില വകുപ്പുകളില്‍ ഭേഗഗതി വരുത്തുന്നതിനുള്ള കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്ത് കായിക രഹിത കോണ്‍ഫറന്‍സുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായസമാഹരണം നടത്താന്‍ ഈ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സാംസ്‌കാരിക കായികമന്ത്രാലയത്തിലെ പ്രതിനിധിയെ കമ്മറ്റിയിലുള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.