ദോഹ: കത്താറയില്‍ തുടരുന്ന പ്രാദേശിക ഉത്പന്നങ്ങളുടെ പ്രദര്‍ശന, വിപണനമേളയായ പ്രഥമ മഹസീല്‍(വിളവെടുപ്പ്) ഫെസ്റ്റ് ശ്രദ്ധേയമാകുന്നു. പച്ചക്കറികളുടെയും പ്രാദേശിക ഉത്പന്നങ്ങളുടെയും പ്രദര്‍ശനം കാണാനും ഉത്പന്നങ്ങള്‍ വിലകൊടുത്ത് വാങ്ങുന്നതിനും കുട്ടികളും കുടുംബങ്ങളുമായി നിരവധിപേരാണ് കത്താറ കള്‍ച്ചറല്‍ വില്ലേജിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളും വിവിധ രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്രപ്രതിനിധികളും കത്താറ മഹാസീല്‍ മേള സന്ദര്‍ശിച്ചിരുന്നു.

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക വിപണന മേള നടത്തുന്നത്. ഇന്നുകൂടി തുടരുന്ന മേള അടുത്തയാഴ്ച മുതല്‍ വാരാന്ത്യങ്ങളില്‍ മാത്രമായിരിക്കും. ഈ രീതിയില്‍ ഏപ്രില്‍ വരെ മഹാസീല്‍ മേള തുടരും. വിദ്യാര്‍ഥികളില്‍ കാര്‍ഷികാവബോധം വളര്‍ത്തുന്നതിനാവശ്യമായ വിവിധ പരിപാടികള്‍ മേളയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.ചെടികള്‍ നട്ടുവളര്‍ത്തേണ്ടതിന്റെ പ്രാധാന്യവും നട്ടുവളര്‍ത്തുന്ന രീതികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കലാകൈത്തറി ശില്‍പ്പശാല, ഈന്തപ്പന പ്രദര്‍ശനം എന്നിവയെല്ലാം മഹാസീല്‍ മേളയുടെ ഭാഗമായി കത്താറയില്‍ നടക്കുന്നുണ്ട്.

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ഖത്തര്‍ അക്കാദമി മുഷൈരിബ്, ലബനീസ് സ്‌കൂള്‍, പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസസങ്ങളില്‍ മേള സന്ദര്‍ശിക്കാനെത്തിയിരുന്നു. വൈവിധ്യനമാര്‍ന്ന ഫാം ഉത്പന്നങ്ങളേയും അവയുടെ വളര്‍ച്ചയെക്കുറിച്ചും കുട്ടികള്‍ക്കുള്‍പ്പടെ പരിശീലനം നല്‍കുന്നു. പത്ത് പ്രാദേശിക സ്‌കൂളുകള്‍ക്കായി ബാസ്‌ക്കറ്റ് അലങ്കാര മത്സരവും നടത്തുന്നുണ്ട്. ഇന്നുവരെ തുടരുന്ന മത്സരങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നുണ്ട്.

ദോഹയിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും മേള സന്ദര്‍ശിച്ചു. അള്‍ജീരിയന്‍ അംബാസഡര്‍ അബ്ദല്‍ അസീസ് അല്‍ സാബ്ബ, അര്‍ജന്റീനിയന്‍ അംബാസഡര്‍ റോസന്ന സെസിലിയ, ഖത്തര്‍ ഇ നേച്ചര്‍ ചെയര്‍മാന്‍ ഡോ.സെയ്ഫ് അല്‍ ഹജിരി, ഖത്തരി മാധ്യമപ്രമുഖര്‍ ഖാലിദ് അല്‍റഹിമി, കുവൈത്ത് അംബാസഡര്‍ ഹഫീസ് മുഹമ്മദ് അല്‍ അജ്മി, ഇക്വഡോര്‍ അംബാസഡര്‍ കപ്‌ലന്‍ അബീ സാബ്, ജോര്‍ജിയന്‍ അംബാസഡര്‍ എകാതറീന്‍ മീയറിങ് മില്‍കാഡ്‌സെ എന്നിവരുള്‍പ്പടെ സന്ദര്‍ശനം നടത്തി. ബ്രൊക്കോളി, കാരറ്റ്, തക്കാളി തുടങ്ങിയ ജൈവ ഉത്പന്നങ്ങളും മേളയിലുണ്ട്.

കോഴി, താറാവ് എന്നിവയുടെ മുട്ടകളും സന്ദര്‍ശകര്‍ക്ക് വാങ്ങാം. മറ്റ് വിപണിയില്‍ നിന്നും അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കുറവാണ് മേളയിലെ മിക്ക ഉത്പന്നങ്ങളുടെയും വില. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 18 റിയാല്‍ വരുന്ന ബ്രൊക്കോളിയുടെ വില മേളയില്‍ പത്ത് റിയാലില്‍ താഴെയാണ്. 22 പ്രാദേശിക ഫാമുകളും 12 വില്‍പ്പന ട്രക്കുകളുമാണ് മേളയിലുള്ളത്. പ്രാദേശികമായി ഉത്പാദിപ്പിച്ച പച്ചക്കറി, പഴം, തേന്‍, കോഴി, ക്ഷീര ഉത്പന്നങ്ങള്‍, ജ്യൂസ്, പൂക്കള്‍, കരകൗശല ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് മേളയിലുള്ളത്. മേളയുടെ ഭാഗമായി സ്വദേശി വീട്ടമ്മമാര്‍ ഉണ്ടാക്കിയ പ്രാദേശിക ഭക്ഷണ വിഭവങ്ങളുടെ വിപണിയുമുണ്ട്.