ദോഹ: ഏഴാമത് ഖത്തര്‍ ദേശീയ കായികദിനം ഇന്ന്. രാജ്യമെങ്ങളും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കായികദിനത്തോടനുബന്ധിച്ച് ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജനപങ്കാളിത്തത്തോടെയാണ് രാജ്യം കായികദിനം ആഘോഷിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പനികളും സര്‍ക്കാര്‍ മന്ത്രാലയങ്ങളും സന്നദ്ധ സംഘടനകളും കായികദിനം ഒട്ടൊന്നാകെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്നു രാവിലെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിപാടികള്‍ നടക്കും. നടത്തവും കൂട്ടയോട്ടവുമെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്. കത്താറ, കോര്‍ണീഷ്, ആസ്പയര്‍ സോണ്‍, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്ക്, ഏഷ്യന്‍ ടൗണ്‍ എന്നിവിടങ്ങളിലെല്ലാം വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. വ്യക്തിയുടേയും സമൂഹത്തിന്റെയും ജീവിതത്തില്‍ വ്യായാമത്തിന്റെയും കായിക വിനോദത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് കായികദിനത്തിലൂടെ ലക്ഷ്യമിടുന്നത്. കായിക വിനോദങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് രാജ്യം നല്‍കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളും സുരക്ഷയുമാണ് കായിക ദിനത്തില്‍ ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ കായിക പരിപാടികളാണ് സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കായികദിനപരിപാടികളില്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഓരോ സ്ഥാപനത്തിനും മികച്ച നിലവാരത്തിലുള്ള ആരോഗ്യകരമായ കായിക വിനോദങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും സുരക്ഷയിലും മത്സരാര്‍ഥികളുടെ ആരോഗ്യത്തിലും ശ്രദ്ധചെലുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ കായിക വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍. ഏറ്റവും മികച്ച കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സ്ഥാപനങ്ങളും സംഘടനകളും സജീവമാണ്. എജ്യൂക്കേഷന്‍ സിറ്റിയിലെ പുതിയ ഓക്‌സിജന്‍ പാര്‍ക്ക്, അല്‍ ഷക്വാബ് ഇന്‍ഡോര്‍ അറീന എന്നിവിടങ്ങളിലും വിവിധ പരിപാടികള്‍ നടക്കും.വിവിധ സംഘടനകളുടെയും സ്‌കൂളുകളുടെയും നേതൃത്വത്തിലും വിപുലമായ കായിക മത്സരപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. വിദേശ മന്ത്രാലയം, ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍, വിവിധ മന്ത്രാലയങ്ങള്‍, ഖത്തര്‍ സര്‍വകലാശാല, യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി, ഉരീദു, ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകള്‍ തുടങ്ങി വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ രാജ്യത്തെ കായികദിനാഘോഷത്തില്‍ പങ്കാളികളാകുന്നുണ്ട്. ഊരിദുവിന്റെ പരിപാടികള്‍ മ്യൂസിയം ഇസ് ലാമിക് ഓഫ് ആര്‍ട്ട് പാര്‍ക്കിലാണ്. ലെമണ്‍ റേസ്, റിലേ, വൂഡ് റെയില്‍ റേസ്, പെനാലിറ്റി ഷൂട്ട്ഔട്ട്, വടംവലി, ഹാന്‍ഡ്‌ബോള്‍, ഹ്യൂമന്‍ ബൗളിങ്, ഹ്യൂമന്‍ ചെസ്സ്, തായ്‌ക്വോണ്ടോ, ബീറ്റ് ദി ബാര്‍ എന്നിവ നടക്കും. കെ.എം.സി.സി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന ക്രിക്കറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചുവരുന്നു. കള്‍ച്ചറല്‍ ഫോറം എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ്, ചാലിയാര്‍ ദോഹ, വാഖ് എന്നിയുടെ കായികദിനപരിപാടികളും ഇന്ന് നടക്കും. ഏഷ്യന്‍ടൗണില്‍ ഇബ്‌നു അജ്യാന്‍ പ്രൊജക്റ്റ്‌സി(ഐഎപി)ന്റെ പരിപാടികള്‍ രാവിലെ 8.30ന് ബൈസൈക്കിള്‍ ഫണ്‍ റേസോടെ തുടക്കമാകും. ബാസ്‌ക്കറ്റ്‌ബോള്‍(പുരുഷന്‍മാര്‍), വോളിബോള്‍(പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും), സൈക്ലിങ്, സ്‌കേറ്റിങ്, ടീംബില്‍ഡിങ്- ഒബ്സ്റ്റക്കിള്‍ റിലേ, കരാട്ടെ അവതരണ ക്ലാസ്സ്, പോസ്റ്റര്‍ പെയിന്റിങ് മത്സരം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി സഹകരിച്ച് വടംവലി, ക്രിക്കറ്റ് മത്സരം, ക്രിക്കറ്റ് ബൗള്‍ഡ്ഔട്ട് മത്സരം, സെപക് ടക്‌റോ, കാര്‍ഷോ, കിഡ്‌സ് സ്‌പോര്‍ട്‌സ് മീറ്റ് തുടങ്ങിയവ നടക്കും. വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും. പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പങ്കെടുക്കും. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ സമാപനചടങ്ങില്‍ ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് യൂസുഫ് അല്‍കുവാരി മുഖ്യാതിഥിയായിരിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇബ്‌നു അജ്യാന്‍ പ്രൊജക്റ്റ്‌സ് കായികദിന ബ്രാന്‍ഡഡ് ടീ ഷര്‍ട്ടുകള്‍ വിതരണം ചെയ്യും. ഇന്ത്യന്‍, ഫിലിപ്പിനോ കമ്യൂണിറ്റികളുടെ പങ്കാളിത്തമുണ്ടാകും. എച്ച്എംസി രക്തദാന ക്യാമ്പുമുണ്ടാകും. രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാലുവരെയാണ് പ്രധാന പരിപാടികള്‍ നടക്കുക. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തില്‍ ഖത്തര്‍- ഉഗാണ്ട ടീമുകള്‍ ഏറ്റുമുട്ടും. രാജ്യത്തെ വിവിധ ഹോട്ടലുകളും സ്ഥാപനങ്ങളും കായികദിനത്തോടുള്ള പ്രമോഷനുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ദോഹ ഫെസ്റ്റിവല്‍സിറ്റി, മാള്‍ ഓഫ് ഖത്തര്‍ എന്നിവയുള്‍പ്പടെയുള്ള സ്ഥലങ്ങളിലും ആരോഗ്യ ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പടെ നടക്കും.

കായികപരിപാടികളില്‍ വനിതാപങ്കാളിത്തമേറുന്നു

ദോഹ: കായികപരിപാടികളില്‍ വനിതകളുടെ പങ്കാളിത്തമേറുന്നു. കായികമേഖലയോടും കായികമത്സരങ്ങളോടും വനിതകള്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. വിവിധ മലയാളി സംഘടനകള്‍ ഉള്‍പ്പടെ സംഘടിപ്പിക്കുന്ന കായികപരിപാടികളില്‍ വനിതകള്‍ കൂടുതലായി പങ്കെടുക്കുന്നുണ്ട്. അവര്‍ക്കായി പ്രത്യേക മത്സരങ്ങളും നടത്തുന്നുണ്ട്. 2012ല്‍ ഖത്തറില്‍ ദേശീയകായികദിനം ആഘോഷിച്ചുതുടങ്ങിയതുമുതല്‍ കമ്യൂണിറ്റികളുടെ പൊതുസ്വഭാവത്തില്‍ ഗുണപരമായ മാറ്റങ്ങളും പ്രതിഫലനങ്ങളുമുണ്ടായിട്ടുണ്ട്. ഖത്തര്‍ സര്‍ക്കാരിന്റെ നിര്‍ണായകവും ദിശാബോധത്തോടെയുമുള്ള ചുവടുവയ്പ്പാണ് ദേശീയ കായികദിനം. കായിക- ആരോഗ്യ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിരര്‍ഥകമായ ജീവിതശൈലി മൂലമുള്ള ബുദ്ധിമുട്ടുകളും അപകടങ്ങളും കുറയ്ക്കുകയെന്നതാണ് കായികദിനം ലക്ഷ്യമിടുന്നത്.കായികദിനം മത്സരങ്ങള്‍ക്കുവേണ്ടി മാത്രമല്ല, പൊതുപരിപാടികള്‍ എല്ലാവര്‍ക്കുംവേണ്ടിയാണ്. കായികരംഗത്തെ കമ്യൂണിറ്റി പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതിനുള്ള അവസരമാണിത്. കായികപരിപാടികളില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിക്കുന്നുണ്ട്. കുട്ടികളില്‍ കായികമൂല്യങ്ങള്‍ കെട്ടിപ്പെടുക്കുന്നതിലും സഹകരണവും സാമൂഹിക ഐക്യവും യോജിപ്പും സാധ്യമാക്കുന്നതിലൂം കായികദിനം പങ്കുവഹിക്കുന്നുണ്ട്. കൂടുതല്‍വനിതകള്‍ കായികപരിപാടികളില്‍ പങ്കെടുക്കുന്നതിനാല്‍ ദേശീയ കായികദിന സംഘാടകസമിതി വനിതകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. ദേശീയ കായികദിനത്തില്‍ പ്രത്യേക കായിക പരിപാടികള്‍ വനിതകള്‍ക്കായി ഒരുക്കും. കൂടാതെ സ്‌പെഷ്യലിസ്റ്റ് പരിശീലകരുടെ സേവനവും ലഭ്യമാക്കും.വനിതകളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടായിരിക്കും ഇതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കുക.