യെലേന യാങ്കോവിച്ച് യോഗ്യതാമത്സരം കളിക്കും

വനിതാ ടെന്നീസിലെ മുന്‍നിര താരങ്ങള്‍ മത്സരിക്കുന്ന ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് 13ന് തുടങ്ങാനിരിക്കെ ടോപ്‌സീഡ് താരങ്ങള്‍ ആത്മവിശ്വാസത്തില്‍. ലോക രണ്ടാം നമ്പര്‍ താരവും ടോട്ടല്‍ ഓപ്പണിലെ ഒന്നാം സീഡുമായ ജര്‍മനിയുടെ ആന്‍ജലീഖ് കെര്‍ബര്‍, 18-ാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കി എന്നിവര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ കഴിഞ്ഞദിവസം ദോഹയിലെത്തി. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ താരങ്ങള്‍ക്ക് പരമ്പരാഗത രീതിയിലുള്ള സ്വീകരണമാണ് ലഭിക്കുന്നത്. ടോട്ടല്‍ ഓപ്പണില്‍ കളിക്കേണ്ട പല താരങ്ങള്‍ക്കും ഇന്നും നാളെയുമായി നടക്കുന്ന ഫെഡറേഷന്‍ കപ്പ് മത്സരങ്ങളില്‍ സ്വന്തം രാജ്യങ്ങള്‍ക്കായി കളിക്കേണ്ടതുണ്ട്. അതില്‍ പങ്കെടുത്തശേഷമെ ചില താരങ്ങളെങ്കിലും ദോഹയിലെത്തുകയുള്ളു. ഇന്നു വൈകുന്നേരം ആറുമണിക്കായിരിക്കും ഡ്രോ നടക്കുക. ഒന്നാം റൗണ്ടില്‍ സീഡഡ് താരങ്ങളുടെ എതിരാളികളെ ഇന്നറിയാനാകും. അതേസമയം ടോട്ടല്‍ ഓപ്പണ്‍ യോഗ്യതാമത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായിട്ടുണ്ട്. ടൂണീഷ്യയുടെ മുന്‍നിര താരം ഉനാസ് ജാബര്‍, സെര്‍ബിയയുടെ യെലേന യാങ്കോവിച്ച് എന്നിവരാണ് യോഗ്യതാറൗണ്ടില്‍ ഇന്നിറങ്ങുന്ന പ്രധാനതാരങ്ങള്‍. ടുണീഷ്യയിലെ മാത്രമല്ല, അറബ് ടെന്നീസിന്റെ മുഖമായി ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റാന്‍ ജാബറിന് കഴിഞ്ഞു. അറബ് മേഖലയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ടെന്നീസ് റാങ്ക് സ്വന്തമാക്കിയിട്ടുള്ള ഉനാസ് കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷത്തിലധികമായി വനിതാടെന്നീസില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്നുണ്ട്. ജൂനിയര്‍ തലത്തില്‍ മികവുറ്റ പ്രകടനങ്ങളിലൂടെ ഉയര്‍ന്നുവന്ന ഉനാസ് 2010ലെ ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ ഫൈനലിലെത്തുകയും തൊട്ടടുത്ത വര്‍ഷം അവിടെ കിരീടം നേടി വിസ്മയം സൃഷ്ടിക്കുകയും ചെയ്തിരുന്നു. മുന്‍ ലോക ഒന്നാംനമ്പര്‍ താരം യാങ്കോവിച്ചിന് ഖത്തര്‍ ഓപ്പണില്‍ വൈല്‍ഡ്കാര്‍ഡ് എന്‍ട്രി ലഭിക്കുകയായിരുന്നു. 2004നുശേഷം ഇതാദ്യമായാണ് യാങ്കോവിച്ച് ഒരു ടൂര്‍ണമെന്റില്‍ യോഗ്യതാ മത്സരം കളിക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. നിലവില്‍ ലോകറാങ്കിങില്‍ 50-ാം സ്ഥാനത്താണ് യാങ്കോവിച്ച്. ഒരു മുന്‍ലോക ഒന്നാംനമ്പര്‍ താരം, റാങ്കിങില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയ താരം ടോട്ടല്‍ ഓപ്പണില്‍ യോഗ്യതാമത്സരം കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് യാങ്കോവിച്ചിന്റെ മത്സരത്തിന്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി നാലു ദിവസം മുന്‍പുതന്നെ യാങ്കോവിച്ച് ദോഹയിലെത്തി. ഖലീഫ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ പരിശീലനം നടത്തുന്നതിനൊപ്പം ദോഹ ചുറ്റിക്കറങ്ങാനും സമയം കണ്ടെത്തി. കഴിഞ്ഞദിവസങ്ങളില്‍ ആന്‍ജലീഖ് കെര്‍ബറും കരോലിന്‍ വോസ്‌നിയാക്കിയും ദോഹയില്‍ പരിശീലനം നടത്തി. മികച്ച സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് ദോഹയിലുള്ളതെന്ന് താരങ്ങള്‍ പ്രതികരിച്ചു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന വോസനിയാക്കി ടോട്ടല്‍ ഓപ്പണിലെ സ്ഥിരംസാന്നിധ്യമാണ്. ദോഹയില്‍ വീണ്ടും കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. ഇതിനു മുമ്പ് ദോഹയില്‍ ആറുതവണ മത്സരിച്ചിട്ടുണ്ട് വോസ്‌നിയാക്കി. 2011ല്‍ ഫൈനലിലെത്തിയതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. അന്ന് ഫൈനലില്‍ വെര സ്വനരേവയോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞവര്‍ഷം മൂന്നാംറൗണ്ടില്‍ പുറത്തായി.
ഇത്തവണ കിരീടനേട്ടം തന്നെയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ഖലീഫ കോംപ്ലക്‌സിലെ കോര്‍ട്ടില്‍ അവര്‍ ഏറെ നേരം പരിശീലിച്ചു. ഇവിടത്തെ അത്യാധുനികസൗകര്യങ്ങളും ക്രമീകരണങ്ങളും ആസ്വദിച്ചശേഷമാണ് മടങ്ങിയത്. ടൂര്‍ണമെന്റിലെ മൂന്നാംസീഡ് സ്ലൊവാക്യയുടെ ഡൊമിനിക സിബുലുകോവയും ആത്മവിശ്വാസത്തിലാണ്. ഈ വര്‍ഷത്തെ ആദ്യ കിരീടനേട്ടം ദോഹയില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മത്സരത്തിനുമുന്നോടിയായി അവര്‍ പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ടെന്നീസ്‌കോര്‍ട്ടില്‍ മികച്ച പ്രകടനം നടത്താന്‍ സ്ലൊവാക് താരത്തിന് കഴിഞ്ഞു.
നിലവില്‍ ലോകറാങ്കിങില്‍ അഞ്ചാംസ്ഥാനത്താണ് അവര്‍, കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലാണിപ്പോഴുള്ളത്. ലോകറാങ്കിങിലെ മുന്‍നിര താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നതെങ്കിലും സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തനിക്കറിയാമെന്ന് സിബുലുകോവ ചൂണ്ടിക്കാട്ടുന്നു.
2008ലാണ് സിബുലുകോവ ആദ്യമായി ഖത്തറില്‍ കളിക്കാനെത്തുന്നത്. അന്ന് ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ അഗ്നിയേസ്‌ക്വ റാഡ്വാന്‍സ്‌കയോട് തോല്‍ക്കുകയായിരുന്നു. റാഡ്വാന്‍സ്‌കയും ദോഹയില്‍ മത്സരിക്കുന്നുണ്ട്.