പി.കെ ഫിറോസ്‌

1. അഭിമന്യുവിനെ കൊന്ന കാംപസ് ഫ്രണ്ട് തങ്ങളുടെ വിദ്യാർത്ഥി സംഘടനയല്ലെന്നാണ് എസ്.ഡി.പി.ഐ പ്രസ്താവിച്ചിരിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളുടെയും രീതി ശാസ്ത്രമാണ് പല പേരുകളിലും അറിയപ്പെടുക എന്നത്. എൻ.ഡി.എഫും, എസ്.ഡി.പി.ഐയും, പോപ്പുലർ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും ഒരേ സംഘടനയുടെ വകഭേദങ്ങൾ മാത്രമാണ്. ആർ. എസ്. എസ്സിന്റെ വിദ്യാർത്ഥി സംഘടനയല്ല എ.ബി.വി.പി എന്നു പറഞ്ഞാൽ സാങ്കേതികമായി ശരിയാണ്. എന്നാൽ രണ്ടും പിന്തുടരുന്ന പ്രത്യയ ശാസ്ത്രം ഒന്നു തന്നെയാണെന്നത് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ ബോധ്യമാവാകും.

2. കാമ്പസ് ഫ്രണ്ടിന്റെ ചുമരിൽ വർഗ്ഗീയത എന്നെഴുതിയാൽ അവസാനിക്കുന്ന ഒന്നല്ല വർഗ്ഗീയത. അങ്ങിനെയല്ല മുസ്‌ലിം സമുദായത്തിന് എസ്.ഡി.പി.ഐയെ അകറ്റി നിർത്താനായത്. മുസ്‌ലിം യൂത്ത് ലീഗും സമുദായ സംഘടനകളും ഒറ്റക്കെട്ടായി നിന്ന് നിരന്തരം ക്യാമ്പയിൻ ചെയ്താണ് എസ്.ഡി.പി.ഐയെ ചെറുത്ത് തോൽപ്പിച്ചത്. അത് കൊണ്ടാണ് വർഗ്ഗീയ വാദികൾക്ക് മുസ്‌ലിം സമുദായത്തിനിടയിൽ വേരോട്ടമുണ്ടാക്കാൻ കഴിയാതെ പോയത്.

3. എസ്.ഡി.പി.ഐ ക്കാർ കൊന്നു എന്നത് കൊണ്ട് എസ്.എഫ്.ഐക്കാരുടെ ആക്രമങ്ങളോ എസ്.എഫ്.ഐക്കാർ ജനാധിപത്യ വിരുദ്ധരായത് കൊണ്ട് എസ്.ഡി.പി.ഐ യുടെ കൊലപാതകമോ ന്യായീകരിക്കാനാവില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം ഉയർത്തിക്കാട്ടി ഒരു സംഘടനയെ മഹത്വവൽക്കരിക്കാനുമാവില്ല. എസ്.എഫ്.ഐക്കാരുടെ ആക്രമത്തിനിരയായി ഞങ്ങളൊക്കെ കൊല്ലപ്പെടാതിരുന്നത് അവരുടെ ഔദാര്യം കൊണ്ടല്ല ഞങ്ങളുടെ ആയുസ്സിന്റെ ബലം കൊണ്ടാണ്!!

4. കൊലപാതകങ്ങളെ വിമർശിക്കുമ്പോൾ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കൾ എപ്പോഴും ചോദിക്കുന്ന ചോദ്യമുണ്ട്. എല്ലാ പാർട്ടിക്കാരും ഇവിടെ കൊലപാതകം നടത്തിയിട്ടില്ലേ എന്ന്. ഉണ്ട്. കൊന്നിട്ടുണ്ട് എന്ന് തന്നെയാണ് ഉത്തരം. എന്നാൽ കൊല നടത്താൻ പാർട്ടി ആസൂത്രണമോ, ക്വട്ടേഷൻ സംഘമോ, അതിന് വേണ്ടി പണപ്പിരിവോ, പരോളിലിറങ്ങിയാൽ സുഖവാസ കേന്ദ്രങ്ങളിൽ താമസമൊരുക്കുകയോ ചെയ്യുന്ന ഏർപ്പാട് എല്ലാ പാർട്ടിക്കാർക്കുമില്ല.

5. ഇപ്പറഞ്ഞ യോഗ്യതകളെല്ലാം തികഞ്ഞത് സി.പി.എമ്മിനും സംഘ് പരിവാരങ്ങൾക്കും എസ്.ഡി.പി.ഐ പരിവാരങ്ങൾക്കുമാണ്. സി.പി.എമ്മിനെ മറ്റുള്ള രണ്ട് പരിവാരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവർക്ക് വർഗ്ഗീയതയുടെ എലമെൻറില്ല എന്നത് മാത്രമാണ് (നാദാപുരത്തെ പോലെയുള്ള ചിലയിടങ്ങളിലെ സി.പി.എം വ്യത്യസ്തമാണ് എന്നത് വിസ്മരിക്കുന്നില്ല)

6. വർഗ്ഗീയ സംഘടനകളോടുള്ള നിലപാടിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൃത്യതയുണ്ടാവണം. എസ്.ഡി.പി.ഐ യുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുകയും അതിപ്പോഴും തുടരുകയും ചെയ്യുന്ന പാർട്ടിയാണ് സി പി. എം. മുമ്പ് പി.ഡി.പി യുമായും ഇവർ സഖ്യത്തിലേർപ്പെട്ടിരുന്നു. അന്ന് പൊന്നാനി പാർലമെൻറ് മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് പോലെ ജനം അവരെ ഇലയും കൂട്ടി വലിച്ചെറിയുകയാണ് ചെയ്തത്.

7. ജനാധിപത്യത്തിന്റെ കൂടി പരിശീലന കളരിയാവണം കാമ്പസുകൾ. അല്ലാതെ അക്രമ രാഷ്ട്രീയത്തിന്റെ ഇടമാവരുതവിടെ. അതിന് മുൻകൈ എടുക്കേണ്ടത് എസ്.എഫ്.ഐ തന്നെയാണ്. ജനാധിപത്യ സംഘടനകൾക്ക് ഇടം നിഷേധിക്കുമ്പോൾ അവിടെ കടന്നു വരുന്നത് ഇത്തരം മിലിട്ടന്റ് സംഘടനകളാണ്. എസ്.എഫ്.ഐക്കാർ തച്ചാൽ തിരിച്ചടിക്കാൻ കെൽപ്പില്ലാത്തവരാണ് മറ്റു സംഘടനകൾ എന്ന് പറഞ്ഞ് എ.ബി.വി.പി യിലും കാമ്പസ് ഫ്രണ്ടിലുമൊക്കെ ചേക്കേറുന്നവർ ചില കാമ്പസുകളിലുണ്ട്. അത് മനസ്സിലാക്കാനുള്ള ബുദ്ധി എസ്.എഫ്.ഐ ക്കുമുണ്ടാവണം.

സ്കൂൾ രാഷ്ട്രീയത്തിന് പൂട്ടു വീണപ്പോൾ കയ്യടിച്ച സമൂഹത്തെ കൊണ്ട് കാമ്പസ് രാഷ്ട്രീയത്തിനും വിലങ്ങ് വെക്കണം എന്ന് പറയാനിട വരുത്തരുത്. രാഷ്ട്രീയ കേരളത്തിന് ധാരാളം നേതാക്കളെ സമ്മാനിച്ച കാമ്പസുകളിൽ ഇനിയും ആശയ സംവാദങ്ങളുണ്ടാവട്ടെ! ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ ക്യാംപസുകൾ തങ്ങളുടെ പങ്ക് വഹിക്കട്ടെ…