ജോഹന്നാസ്ബര്‍ഗ്ഗ്: കാഗിസോ റബാദ എന്ന ഇരുപത്തിയൊന്നുകാരന്‍ പെര്‍ത്തിലെ വാക്ക പോലെ ഒരു മൈതാനത്ത് സ്വന്തം ടീമിന്റെ വിജയ നായകനായി തിളങ്ങി നില്‍ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷേ ടീമിന് ആവശ്യം വന്ന ഘട്ടത്തില്‍ തന്റെ അനുഭവക്കരുത്തിനെ പ്രയോജനപ്പെടുത്തി റബാദ സുന്ദരമായി പന്തെറിഞ്ഞു-ഓസ്‌ട്രേലിയക്കാര്‍ക്ക് അടിതെറ്റി.

കളിയിലെ കേമന്‍പ്പട്ടം മാറോട് ചേര്‍ത്ത് റബാദ പറഞ്ഞ വാക്കുകള്‍ ഇപ്രകാരം: സ്‌റ്റെയിന്‍ പരുക്കില്‍ പുറത്തായപ്പോള്‍ പുതിയ പന്തിന്റെ സൗന്ദര്യവും ടീമിന്റെ പ്രതീക്ഷയും എന്നിലായി. ഒരു മാജിക്കിനും മുതിര്‍ന്നില്ല. കൃത്യമായ വേഗതയില്‍ പന്തെറിഞ്ഞു. ബാക്കിയെല്ലാം പിച്ചും സഹതാരങ്ങളും ചെയ്തു. രാജ്യത്തിന് വേണ്ടി എട്ട് ടെസ്റ്റുകളും 25 ഏകദിനങ്ങളും 16 ടി-20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട് റബാദ. പക്ഷേ ആദ്യമായാണ് ടീമിന്റെ ടെസ്റ്റ് വിജയത്തില്‍ സുത്രധാരന്റെ റോള്‍ വഹിക്കുന്നത്.

2015 ല്‍ പഞ്ചാബിലെ മൊഹാലിയിലായിരുന്നു റബാദയുടെ ടെസ്റ്റ് അരങ്ങേറ്റം. 2014 ലെ അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനത്തിലുടെയാണ് റബാദ ലോക ക്രിക്കറ്റ് വേദിയില്‍ അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്ക കിരീടം സ്വന്തമാക്കിയ ആ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയ സെമി ഫൈനലില്‍ 25 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് റബാദ സ്വന്തമാക്കിയത്.