ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികലമായ നയങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം മാത്രം ഒരു കോടി തൊഴില്‍ അവസരങ്ങള്‍ നഷ്ടമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി വെറും തമാശ മാത്രമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. 1993-94 നു ശേഷം രാജ്യത്തെ പുരുഷ ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു രാഹുലിന്റെ മോദിക്കെതിരായ കടന്നാക്രമണം. രാജ്യത്ത് 450 തൊഴില്‍ അവസരങ്ങളാണ് ഒരു ദിവസം സൃഷ്ടിക്കുന്നത്. ഇതിനര്‍ത്ഥം 2018ല്‍ ദിവസം 27,000 തൊഴില്‍ നഷ്ടമായെന്നാണ് ഒരു കോടി തൊഴില്‍ അവസരമാണ് ഒരു വര്‍ഷം കൊണ്ട് മോദി വികല നയം കാരണം നഷ്ടപ്പെടുത്തിയതെന്നും മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. രണ്ട് കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന മോദിയുടെ വാദം വിഡ്ഢിത്തമാണെന്നും രാജ്യത്തെ 4.7 കോടി യുവാക്കള്‍ തൊഴില്‍ രഹിതരായതിന്റെ ഉത്തരവാദിത്തം കാവല്‍ക്കാരനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) എന്നത് പബ്ലിസിറ്റി മിനിസ്റ്റര്‍ ഓഫീസ് എന്നാക്കി മോദി മാറ്റിയെന്നും രാഹുല്‍ പരിഹസിച്ചു. സ്വയം വിപണനം ചെയ്യുന്ന കാര്യത്തില്‍ മോദിയെ കവച്ചുവെക്കാന്‍ ആര്‍ക്കുമാവില്ലെന്നും രാഹുല്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച രാഹുല്‍ കോണ്‍ഗ്രസ് സാംസ്‌കാരിക സാമ്രാജ്യത്വത്തില്‍ വിശ്വസിക്കുന്നില്ലെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം നശിപ്പിക്കുന്ന ബില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉണ്ടാവില്ലെന്നും ഉറപ്പ് നല്‍കി. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ആര്‍.എസ്.എസുകാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ ആദ്യം ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങളിലെ ശുദ്ധീകരണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിന് പ്രത്യേക പദവി കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.