ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ കാര്യങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ സഹായം ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. ഇത് സത്യമാണെങ്കില്‍ മോദി ഇന്ത്യയെ വഞ്ചിച്ചിരിക്കുന്നു. ഇന്ത്യയുടെ താല്‍പര്യങ്ങളെ ബലികഴിച്ച് 1972 ലെ ഷിംല കരാര്‍ ലംഘിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കൂടിക്കാഴ്ച്ചയിലെ കാര്യങ്ങള്‍ മോദി വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞു.

കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ വ്യക്തമാക്കി.