ന്യുഡല്‍ഹി: വിദേശത്ത് പുതുവത്സരാഘോഷത്തിലായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി കഴിഞ്ഞ് തിരിച്ചെത്തി. ഇന്നലെ രാവിലെയാണ് രാഹുല്‍ ഡല്‍ഹിയിലെത്തിയത്. ഡിസംബര്‍ 28നാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ഏതാനും ദിവസത്തേക്ക് യൂറോപ്യന്‍ പര്യടനത്തിലായിരിക്കുമെന്നു ട്വീറ്റ് ചെയ്ത ശേഷമായിരുന്നു യാത്ര.


തിരക്കേറിയ ദിവസങ്ങളാണ് ഇനി രാഹുലിന് വരാന്‍ പോകുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നു. ഫെബ്രുവരി നാല് മുതല്‍ ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കും. കൂടാതെ പഞ്ചാബില്‍ ഭരണം പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയാണ് ഇവിടെ ഭരണം കയ്യാളുന്നത്. 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി കഴിഞ്ഞു. മറ്റു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതുവരെയും പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മടങ്ങിയെത്തിയതോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടു നിരോധനവുമായി ബന്ധപ്പെട്ടു പ്രക്ഷോഭം നടത്തുന്നതിനിടെ രാഹുല്‍ വിദേശ യാത്ര നടത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.