ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവ് യാഥാര്‍ത്ഥ്യമാകുന്നു. ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതി നാളെ
യോഗം ചേരും. സോണിയാ ഗാന്ധിയുടെ വസതിയില്‍ അവരുടെ അധ്യക്ഷതയില്‍ രാവിലെ പത്തരയ്ക്കാണ് യോഗം. അധ്യക്ഷപദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാനാണ് സമിതി യോഗം ചേരുന്നതെങ്കിലും പദവിയിലേക്ക് മറ്റു സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ അത് ഔപചാരികം മാത്രമാണ്. ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ അധ്യക്ഷ പദം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡിസംബര്‍ 31ന് മുമ്പ് പാര്‍ട്ടിയിലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ തയാറാക്കിയ സമയക്രമമാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പരിഗണിക്കുന്നത്. സമയം അംഗീകരിച്ചാല്‍ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ 12-14 ദിവസം മതിയാകും.
പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ ഒന്നിന് മുമ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് അതോറിറ്റി അറിയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ആവശ്യമെങ്കില്‍ ഡിസംബര്‍ എട്ടിനാകും ഉണ്ടാകുക. ഗുജറാത്തിലെ ആദ്യഘട്ട വോട്ടിങിന്റെ ഒരു ദിവസം മുമ്പ്.

അതിനിടെ, കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ ഉപാധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി വൃത്തങ്ങള്‍ മനസ്സു തുറന്നിട്ടില്ല.
അനാരോഗ്യം മൂലം കഴിഞ്ഞ മൂന്നു വര്‍ഷമായി അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടിയില്‍ സജീവമല്ല. 1998 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷയാണ് ഇവര്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി രാഹുലിനെ പ്രസിഡണ്ടാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.