ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ മൃഗങ്ങളോടുപമിച്ച അമിത് ഷാക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. അമിത് ഷായുടേത് മാന്യതയില്ലാത്ത പ്രസ്താവനയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷായുടേയും ആര്‍.എസ്.എസിന്റേയും കാഴ്ചപ്പാടില്‍ ഇന്ത്യയില്‍ മൃഗങ്ങളല്ലാത്ത രണ്ടുപേര്‍ മാത്രമാണുള്ളത്. മോദിയും അമിത് ഷായും-രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷത്തെ മുഴുവന്‍ മൃഗങ്ങളോടുപമിച്ചതിലൂടെ അവര്‍ എങ്ങനെയാണ് ലോകത്തെ കാണുന്നതെന്ന് മനസിലായി. അമിത് ഷായുടെ പ്രസ്താവന മാന്യതയില്ലാത്തതാണ്. അത് ഗൗരവത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ഈ രാജ്യത്തെ രണ്ടോ മൂന്നോ വ്യക്തികള്‍ക്കല്ലാതെ മറ്റാര്‍ക്കും അമിത് ഷായും മോദിയും വില കല്‍പ്പിക്കുന്നില്ല. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മാത്രമല്ല അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും നിതിന്‍ ഗഡ്കരിക്ക് പോലും മോദിയുടേയും അമിത് ഷായുടേയും കാഴ്ചപ്പാടില്‍ ഒരു വിലയുമില്ലെന്നും രാഹുല്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് അമിത് ഷാ പ്രതിപക്ഷത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഐക്യത്തിനായി ശ്രമിക്കുകയാണ്. പണ്ടൊരു വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മരങ്ങളും ചെടികളും ഇലകളുമെല്ലാം ഒലിച്ചുപോയി.അപ്പോള്‍ മുഴുവന്‍ മൃഗങ്ങളും ഒരു ആല്‍മരത്തില്‍ അഭയം തേടിയ കഥയുണ്ട്. കാരണം അവക്ക് വെള്ളത്തെ ഭയമായിരുന്നു. അതുപോലെ മോദിയെ ഭയന്ന് പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിക്കുകയാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.