എടച്ചേരി: കോഴിക്കോട് എടച്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗം. ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാഹുല്‍ രാജാണ് ഭീഷണി പ്രസംഗം നടത്തിയത്. സി പി എമ്മിനെ വെല്ലുവിളിച്ച കെ ടി ജയകൃഷ്ണന്‍ പോസ്റ്ററായി മാറിയെന്ന് ജയകൃഷ്ണന്‍ പ്രസംഗിച്ചു. രണ്ട് ദിവസം മുന്‍പ് എല്‍ഡിഎഫ്, യുഡിഎഫ് ജാഥകളുടെ പേരില്‍ പ്രവര്‍ത്തകര്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ നടന്ന യോഗത്തിലാണ് അഡ്വക്കേറ്റ് രാഹുല്‍ രാജ് ഭീഷണി മുഴക്കിയത്.

മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങില്ല ഒരു യൂത്ത് ലീഗുകാരനും. തനിച്ച് പുറത്തിറങ്ങാനുള്ള ശേഷിയൊന്നും കോണ്‍ഗ്രസുകാര്‍ക്ക് ഈ പ്രദേശത്തില്ല. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം ഏത് യൂത്ത് ലീഗുകാരനും നടത്താം. എന്നാല്‍ വ്യാജപ്രചാരണങ്ങളുമായി വന്നാല്‍ പ്രതികരിക്കും. ഇതിന് മുന്‍പ് ആര്‍എസ്എസിന് വേണ്ടി വെല്ലുവിളി നടത്തിയ കെടി ജയകൃഷ്ണനെ ഡിസംബര്‍ 1 ന് പോസ്റ്ററില്‍ മാത്രമാണ് കാണാനാവുന്നത്. ആര്‍എസ്എസിലും വലുതല്ല ഒരു യൂത്ത് ലീഗുകാരനും. അപവാദ പ്രചാരണങ്ങളുമായി വന്നാല്‍ ഒരൊറ്റ യൂത്ത് ലീഗുകാരനും ഒരൊറ്റ യൂത്ത് കോണ്‍ഗ്രസുകാരനും റോഡില്‍ ഇറങ്ങി നടക്കില്ല- രാഹുല്‍ രാജ് പ്രസംഗിച്ചു.

ഈ മണ്ണിന്റെ പേര് ഇടച്ചേരിയെന്നാണ്. ഇവിടുത്തെ ചരിത്രത്തില്‍ എഴുതിയിട്ടുള്ള പേരുകള്‍ കമ്യൂണിസ്റ്റ് പോരാളികളുടേതാണ്. അല്ലാതെ അഴിമതി നടത്തി കള്ളും കഞ്ചാവും വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന കോണ്‍ഗ്രസുകാരുടേതല്ല. തെരഞ്ഞെടുപ്പ് സമയത്ത് കള്ളക്കഥകളുമായി എത്തുന്ന യൂത്ത് ലീഗിനെ നിലയ്ക്ക് നിര്‍ത്തുമെന്നും രാഹുല്‍ പ്രസംഗത്തില്‍ പറയുന്നു.