തിരുവനന്തപുരം: കനത്ത മഴ രണ്ട് ദിവസംകൂടി തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 21 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലില്‍ ശക്തമായ കാറ്റിനും തിരമാലകള്‍ക്കും സാധ്യതയുണ്ട്. കാറ്റിന്റ വേഗം മണിക്കൂറില്‍ 45-50 കിലോമീറ്ററായിരിക്കുമെന്നതിനാല്‍ മുപ്പതാം തിയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കന്യാകുമാരിക്കു താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുടങ്ങും. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയില്‍ രാത്രിയാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്.

കലക്ടറേറ്റ് മുതല്‍ താലൂക്കുതലംവരെയുള്ള ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസറോ തഹസില്‍ദാരോ കൈയില്‍ കരുതണം. മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കുവാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, വരുന്ന ചൊവ്വാഴ്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. നേരത്തെ, 23ന് ആന്‍ഡമാന്‍ ദ്വീപിലെത്തുമെന്നായിരുന്നു പ്രവചനം.