ജയ്പൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചെറിയ നിരക്കില്‍ ഭക്ഷണം നല്‍കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. എട്ടുരൂപക്ക് ഉച്ചഭക്ഷണം നല്‍കാനാണ് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ തീരുമാനം. ‘ഇന്ദിര റസോയ് യോജന’ എന്ന പദ്ധതിയിലൂടെയാണ് ഭക്ഷണം നല്‍കാനുള്ള ശ്രമം.

പച്ചക്കറിയും ധാന്യവര്‍ഗ്ഗങ്ങളും ചപ്പാത്തിയും അടങ്ങുന്നതാണ് ഉച്ചഭക്ഷണം.
നാട്ടുകാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ജില്ലാതല സമിതികള്‍ ശുപാര്‍ശ ചെയ്യുന്ന രീതിയില്‍ മെനുവില്‍ മാറ്റം വരുത്താമെന്ന് ഭരണകൂടം അറിയിച്ചു. നൂറു കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്്.

സംസ്ഥാനത്ത് നഗര പ്രദേശങ്ങളില്‍ 213 ഇടങ്ങളിലായാണ് ഭക്ഷണം ലഭിക്കുക. രാവിലെ 8.30മുതല്‍ ഉച്ചക്ക് ഒരു മണിവരേയും െൈവെകുന്നേരം അഞ്ചുമണി മുതല്‍ രാത്രി എട്ടുമണിവരെയുമാണ് വിതരണം ചെയ്യുന്ന സമയം. ജയ്പൂര്‍ ജില്ലയിലെ തന്നെ 12 മുന്‍സിപ്പാലിറ്റികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജയ്പൂര് ജില്ലാകളക്ടര്‍ അന്താര്‍ സിംഗ് നെഹ്‌റ പറയുന്നു. അതേസമയം, യാതൊരു തരത്തിലുള്ള രേഖകളും ഇതിനായി ഹാജരാക്കേണ്ടതില്ല. ഏതൊരാള്‍ക്കും എട്ടുരൂപ നല്‍കിയാല്‍ ഭക്ഷണം ലഭ്യമാകും. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ നിലവിലുണ്ട്. തമിഴ്‌നാട്ടില്‍ അമ്മ മെസ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.