ജയ്പൂര്‍: സവര്‍ണര്‍ അതിക്രമം തുടര്‍ന്നാല്‍ ഇസ്‌ലാം സ്വീകരിക്കുമെന്ന് രാജസ്ഥാനിലെ ദളിതര്‍. രാജസ്ഥാനിലെ കറൗളി ജില്ലയിലെ ഹിന്ദുവാന്‍ സിറ്റിയില്‍ ഭാരത് ബന്ദിന് ശേഷം ചൊവ്വാഴ്ച രാവിലെ ദളിത് നേതാക്കളേയും ദളിത് വിഭാഗത്തില്‍ പെടുന്നവരേയും ആള്‍ക്കൂട്ടം അക്രമിച്ചിരുന്നു.

ദളിതരാണെന്ന് ഉറപ്പിക്കാന്‍ അവര്‍ ഞങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു. അതിന് ശേഷമാണ് അക്രമം അഴിച്ചുവിട്ടത്. സ്ത്രീകളെ പോലും വെറുതെ വിട്ടില്ല. വീടും ജീവനോപാധിയും അഗ്നിക്കിരയാക്കി. ഇത് ഇനിയും തുടര്‍ന്നാല്‍ ഇസ്‌ലാമിലേക്ക് മാറാന്‍ ഞങ്ങള്‍ തയ്യാറാവും-ഹിന്ദുവാന്‍ സിറ്റിയിലെ അശ്വനി ജാതവ് പറഞ്ഞു. അതിക്രമത്തില്‍ അടിയേറ്റ് വീര്‍ത്ത മുഖവുമായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

ഭാരത് ബന്ദില്‍ അതിക്രമം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം ദളിതരെ അക്രമിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ ഞങ്ങളെ വേട്ടയാടുകയാണ്. ഇത് തുടരുകയാണെങ്കില്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴികളില്ല-ഹിന്ദുസ്ഥാന്‍ സിറ്റിയിലെ പുഷ്‌പേന്ദ്ര ജാതവ് പറഞ്ഞു.

അക്രമവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. അക്രമികള്‍ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്ന് ആരോപണമുയരുമ്പോഴും പോലീസ് നിഷ്‌ക്രിയമാണെന്ന് ദളിതര്‍ ആരോപിക്കുന്നു.