ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ കര്‍ണാടകയില്‍ ബി.ജെ.പിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനങ്ങളില്‍ സംഗമിക്കുന്ന ആയിരങ്ങള്‍ രാഹുലിനും സിദ്ധരാമയ്യക്കും കര്‍ണാടകയിലുള്ള സ്വീകാര്യത വ്യക്തമാക്കുന്നു. മോദി സര്‍ക്കാറിനും ആര്‍.എസ്.എസിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നത്. ദേശീയ മാധ്യമങ്ങളടക്കം രാഹുലിന്റെ പര്യടനത്തിനും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കും വന്‍ പ്രാധാന്യമാണ് നല്‍കുന്നത്.

തുംകൂരില്‍ രാഹുല്‍ ഗാന്ധിയുടെ കഴുത്തില്‍ വീണ പുഷ്പഹാരമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. തുംകൂരില്‍ റോഡ് ഷോക്കിടെയാണ് ഒരാള്‍ രാഹുല്‍ ഗാന്ധിയുടെ നേരെ രക്തഹാരം എറിഞ്ഞത്. അത് കൃത്യമായി രാഹുലിന്റെ കഴുത്തില്‍ തന്നെ വീഴുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ആരോ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതോടെ വീഡിയോ തരംഗമായി മാറി. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

തുംകൂരിലെ ലിംഗായത്ത് സമുദായത്തിന്റെ ആസ്ഥാനമായ സിദ്ധഗംഗ മഠത്തിലെത്തിയ രാഹുല്‍ സമുദായത്തിന്റെ ആത്മീയാചാര്യനായ ശിവകുമാര സ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ലിംഗായത് സമുദായത്തിന് മതപദവി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.