ന്യൂഡല്‍ഹി: സ്വാതന്ത്രസമരസേനാനി രാജ്ഗുരുവിനെ സ്വയംസേവകനായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് പ്രചാരണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. മുന്‍ ആര്‍.എസ്.എസ് പ്രചാരകനും മാധ്യമപ്രവര്‍ത്തകനുമായ അരേന്ദ്ര സെഹ്ഗാല്‍ എഴുതിയ പുസ്തകത്തിലാണ് രാജ്ഗുരുവിനെ സ്വയംസേവകനായി ചിത്രീകരിക്കുന്നത്.

‘രാജ്ഗുരുവിനെ ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടാന്‍ യാതൊരു തെളിവുമില്ല. അങ്ങനെയൊരു കാര്യം ഞങ്ങളുടെ മുത്തച്ഛന്‍ പറഞ്ഞിട്ടുമില്ല’ രാജ്ഗുരുവിന്റെ സഹോദര പൗത്രന്‍മാരായ സത്യശീലും ഹര്‍ഷ്‌വര്‍ദ്ധന്‍ രാജ്ഗുരുവും പറഞ്ഞു. രാജ്ഗുരു രാജ്യത്തിന്റെ രക്തസാക്ഷിയാണ്, അദ്ദേഹത്തെ ഒരിക്കലും ഒരു സംഘടനയുമായി മാത്രം ചേര്‍ത്തുവെക്കാന്‍ കഴിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഭഗത് സിങ്, സുഖ്‌ദേവ് എന്നിവര്‍ക്കൊപ്പം 1931ല്‍ തൂക്കിലേറ്റപ്പെട്ട ധീരദേശാഭിമാനിയാണ് രാജ്ഗുരു.