Connect with us

More

രാജി മണിപ്പൂരിന് തിരുത്താകില്ല

EDITORIAL

Published

on

വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ രണ്ടു വര്‍ഷത്തോളം നീണ്ട വംശീയ കലാപത്തിന് അറുതിവരുത്താനാകാതെ മുഖ്യമന്ത്രി ബിരേണ്‍ സിങ് രാജിവെച്ചൊഴിയുമ്പോള്‍ പ്രതിഫലിക്കുന്നത് ഒരു ഭരണാധികാരിയുടെ പിടിപ്പുകേടിന്റെ ചരിത്രവും ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടത്തിന്റെ നേര്‍ക്കാഴ്ചകളുമാണ്. വൈകിയ വേളയിലുള്ള മുഖ്യമന്ത്രിയുടെ രാജിതന്നെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച പറ്റിയതിന്റെ പേരിലല്ലെന്ന് വ്യക്തമാണ്. നിയമ സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയാറെടുത്ത പശ്ചാത്തലത്തില്‍ വേറെ വഴിയില്ലാത്തതിനാലാണ്. മണിപ്പൂരിലെ സര്‍ക്കാരിന് എന്‍.പി.പിയും ജെ.ഡി.യുവും പിന്തുണ പിന്‍വലിച്ചിരുന്നു. ബിരേണ്‍ സിങ് രാജിവയ്ക്കാതെ പറ്റില്ലെന്നു നിലപാടെടുത്ത ബി.ജെ.പി എം.എല്‍.എമാര്‍ തന്നെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയമായ പരാജയത്തില്‍നിന്നു രക്ഷപ്പെടാന്‍ മാത്രമുള്ളതാണ് രാജി. കേന്ദ്രത്തിനും മുഖ്യ ഭരണകക്ഷിക്കും പ്രശ്നപരിഹാരത്തിന് ആത്മാര്‍ഥമായ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ രാജി എത്ര മുന്‍പേ സംഭവിക്കേണ്ടതായിരുന്നു.

കഴിഞ്ഞ 21 മാസമായി കലാപക്കെടുതിയിലായിരുന്നു മണിപൂര്‍. ഭൂരിപക്ഷ ജനവിഭാഗമായ മെയ്തികളെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കു സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചുള്ള മണിപ്പൂര്‍ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് കലാപത്തിന് തിരികൊളുത്തിയത്. സംഘര്‍ഷത്തിന് പ്രധാന കാരണമായത് സംസ്ഥാന ഭരണത്തിന് നേത്യത്വം നല്‍കുന്ന ബി.ജെ.പി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകള്‍ വിതച്ചതാ ണ്. കേട്ടപാതി കേള്‍ക്കാത്ത പാതി ഹൈക്കോടതി വിധിക്കു പിന്നാലെ മെയ്തികളെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചു. സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ ഭൂരിപക്ഷത്തിനൊപ്പം നിന്ന് മറ്റ് വിഭാഗങ്ങള്‍ക്കെതിരെ നിരന്തരമായി നടത്തിയ കുപ്രചാരണങ്ങളും രംഗം വഷളാക്കി ഭൂമി ശാസ്ത്രപരമായി മണിപ്പൂരില്‍ രണ്ട് മേഖലയാണുള്ളത്. ഇംഫാല്‍ താഴ്‌വരയും മലമ്പ്രദേശവും. ജനസംഖ്യയില്‍ 60 ശതമാനവും ജീവിക്കുന്നത് 10 ശതമാനം മാത്രം വരുന്ന ഭൂവിഭാഗമായ താഴ്‌വരയിലാണ്. 90 ശതമാനം ഭൂവിസ്തൃതിയുള്ള മലയോര മേഖലയില്‍ മൊത്തം ജന സംഖ്യയുടെ 40 ശതമാനവും. താഴ്‌വരയില്‍ മെയ്തികള്‍ക്കാണ് ഭൂരിപക്ഷം. ഇവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. മലയോര മേഖലയില്‍ കുക്കികളും നാഗകളും സോമികളും അടക്കമുള്ള 35 ഗോത്ര വിഭാഗമാണ്. ഇവര്‍ ഭൂരിപക്ഷം ക്രൈസ്തവരാണ്. മൊത്തം ജനസംഖ്യയില്‍ 53 ശതമാനം മെയ്തികളാണ്. ഭൂരിപക്ഷമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കാ നുള്ള സര്‍ക്കാര്‍ നീക്കമാണ് സംസ്ഥാനത്തെ കലാപത്തിലേക്ക് തള്ളിവിട്ടത്. ഇംഫാല്‍ താഴ്‌വരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മെയ്തികളും മലനിരകളില്‍ സ്ഥിരതാമസമാക്കിയ കുക്കി ഗോത്രവര്‍ഗക്കാരും തമ്മിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിച്ചാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന അവരുടെ പതിവ് ആഖ്യാനത്തിന്റെ പൊള്ളത്തരമാണ് മണിപ്പൂരില്‍ തുറന്നുകാട്ടപ്പെട്ടത്.

കലാപം തടയാന്‍ അടിയന്തര നടപടികളെടുക്കുന്നതിനു പകരം മെയ്തി വിഭാഗത്തിന്റെ വക്താവെന്നപോലെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയായാണ് ബിരേണ്‍ സിങ് പ്രവര്‍ത്തിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരും തയാറായില്ല. പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും മാത്രമല്ല, സുപ്രിം കോടതിപോലും വിമര്‍ശിച്ചിട്ടും മണിപ്പൂരില്‍ സമാധാനം സാധ്യമാക്കാന്‍ ആത്മാര്‍ഥമായ ശ്രമത്തിന് കേന്ദ്രത്തിന്റെ നടപടിയു ണ്ടായില്ല. പ്രധാനമന്ത്രി ഒരു തവണപോലും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയാറായില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തെ സ്ഥിതിയെക്കുറിച്ച് ഒരു പരാമര്‍ശം വരാന്‍പോലും വളരെ വൈകി.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വംശീയ അക്രമങ്ങള്‍ പരിഹരിക്കുന്നതിനുപകരം ബി.ജെ.പിയെ സംരക്ഷിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ രാജിയിലൂടെ നടത്തിയത്. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ ബി.ജെ.പിക്ക് പദ്ധതിയൊന്നുമില്ലെന്ന് വ്യക്തമാണ്. വിശ്വാസ വോട്ടെടുപ്പില്‍ ബി. ജെ.പി പരാജയപ്പെടുമെന്ന് അറിഞ്ഞ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെട്ട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് വീണ്ടും അരക്ഷിതാവസ്ഥയാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. ഇനിയും മണിപ്പൂരിന്റെ ഭൂമി ബി.ജെ.പിക്കനുകൂലമായി ഉഴുതുമറിക്കാനുള്ള നീക്കമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ നടത്തുക എന്നു വ്യക്തമാണ്. സംസ്ഥാനത്ത് കലാപം തടയാനും മുറിവേറ്റവര്‍ക്ക് ആശ്വാസം പകരാനും ഉത്തരവാദിത്തമുള്ള ഭരണ സംവിധാനം വരണം. നിലവിലുള്ള സാഹചര്യങ്ങളെ നേരിടാന്‍ സാധിക്കുന്ന സര്‍ക്കാരിനെയാണ് മണിപ്പൂരിന് ആവശ്യം. മണിപ്പൂരില്‍ സമാധാനമുണ്ടാകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. അതിനുവേണ്ട വിട്ടുവിഴചകളാണ് ഉണ്ടാവേണ്ടത്. പാര്‍ട്ടിയേക്കാളും സ്വന്തം താല്‍പര്യത്തേക്കാളും വലുത് രാജ്യത്തിന്റെ നിലനില്‍പ്പാണെന്ന് ബി.ജെ.പി ഇനിയെങ്കിലും മനസ്സിലാക്കണം.

 

crime

കൊല്ലത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരന്‍ അറസ്റ്റില്‍

വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

Published

on

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ(25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45-നായിരുന്നു സംഭവം.

വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

തോട്ടിൽ നിന്ന് കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം

Published

on

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. മലപ്പുറം വേങ്ങരയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്താണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading

More

ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്

Published

on

ഹജ്ജിന് പോകുന്ന മുതിർന്ന തീർത്ഥാടകരുടെ കൂട്ടാളികൾക്ക് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 2026 ലെ ഹജ്ജിനായി മുൻ മാർഗ്ഗനിർദ്ദേശങ്ങൾ ഭാഗികമായി പരിഷ്കരിച്ചുകൊണ്ടാണ് പുതയ സർക്കുലർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയത്. പുതിയ നിർദ്ദേശം പ്രകാരം 65 വയസും അതിൽ കൂടുതലുമുള്ള തീർത്ഥാടകരുടെ കൂട്ടാളികൾക്കുള്ള പ്രായപരിധിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. 60 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വ്യവസ്ഥകളിൽ മുതിർന്ന തീർത്ഥാടകരോടൊപ്പം പോകാമെന്ന് പുതിയ സർക്കുലറിൽ പറയുന്നു.
ജൂലൈ 25-ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് സി ആണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. സഹായം ആവശ്യമുള്ള പ്രായമായ അപേക്ഷകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുതിർന്ന തീർത്ഥാടകന്റെ ജീവിതപങ്കാളിയോ സഹോദരനോ ആണെങ്കിൽ 60 നും 65 നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടാളിയെ അനുവദിക്കാമെന്ന് സർക്കുലറിൽ പറയുന്നു. എന്നിരുന്നാലും സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും സഹയാത്രികനെ അനുവദിക്കുക. അതേ സമയം 18 നും 60 നും ഇടയിൽ പ്രായമുള്ള തീർത്ഥാടകർ മുൻ യോഗ്യതാ നിയമം പാലിക്കുന്നത് തുടരണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
2026 ലെ എല്ലാ ഹജ്ജ് അപേക്ഷകളിലും പ്രായം കണക്കാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതിയായി കമ്മിറ്റി 2025 ജൂലൈ 7 ആണ് നിശ്ചയിച്ചിരിക്കുന്നത്. തീർത്ഥാടകർക്കും അവരുടെ കുടുംബങ്ങൾക്കും സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികളോടും ആവശ്യപ്പെട്ടു. നേരത്തെ സഹയാത്രികർക്കുള്ള കർശനമായ പ്രായപരിധി മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ആയിരക്കണക്കിന് പ്രായമായ ഹജ്ജ് അപേക്ഷകർക്ക് ഈ നീക്കം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
Continue Reading

Trending