ഇന്ത്യന്‍ എക്‌സ്പ്രസിന്റെ രാംനാഥ് ഗോയങ്ക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരില്‍ അതൃപ്തിയുക്കിടയാക്കിയിരുന്നു. മോദിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കി മികച്ച നോണ്‍ഫിക്ഷന്‍ പുസ്തകത്തിനു പുരസ്‌കാരത്തിനര്‍ഹനായ അക്ഷയ മുകുള്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു. അതിനിടെ, ചടങ്ങില്‍ നന്ദിപ്രഭാഷണം നടത്തിയ എക്‌സ്പ്രസ് എഡിറ്റര്‍ രാജ്കമല്‍ ഝാ മോദിയെ വേദിയിലിരുത്തി ചുരുങ്ങിയ വാക്കുകളില്‍ പത്രപ്രവര്‍ത്തനത്തില്‍ ഒരു ക്ലാസ് തന്നെ എടുത്തു കൊടുത്തു.

രാജ്കമല്‍ ഝാ
രാജ്കമല്‍ ഝാ

തന്റെ പ്രസംഗത്തിനിടെ മോദി ഇന്ത്യന്‍ എസ്‌ക്പ്രസ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിയ സംഭാവന പുകഴ്ത്തിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സ്ഥാപക പത്രാധിപരായ രാംനാഥ് ഗോയങ്ക ശക്തമായ നിലപാടെടുത്ത കാര്യവും മോദി സ്മരിച്ചു.

എന്നാല്‍ രാജ്കമല്‍ ഝായുടെ പ്രസംഗം ഇങ്ങനെയായിരുന്നു: ‘താങ്കള്‍ ഞങ്ങളെപ്പറ്റി ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞു. അത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് പേടിയാണ്‌.
. സംസ്ഥാനത്തെ മുഖ്യമന്ത്രി ‘താങ്കളുടെ റിപ്പോര്‍ട്ടര്‍ നന്നായി ജോലി ചെയ്യുന്നുണ്ട്’ എന്ന് പുകഴ്ത്തിയ ഒരു മാധ്യമപ്രവര്‍ത്തകനെ ഗോയങ്ക പുറത്താക്കിയിട്ടുണ്ട്.’

അര്‍ണാബ് ഗോസ്വാമിയുടേതടക്കമുള്ള ‘സെല്‍ഫി’ പത്രപ്രവര്‍ത്തനത്തെയും ഝാ വിമര്‍ശിച്ചു: ‘ഈ സെല്‍ഫി ജേണലിസത്തില്‍ നിങ്ങളുടെ കൈയില്‍ വിവരങ്ങള്‍ ഇല്ലെങ്കിലും കുഴപ്പമില്ല. ഫ്രെയിമില്‍ കൊടിവെച്ചതിനു ശേഷം അതിനു പിന്നില്‍ മറഞ്ഞിരുന്നാല്‍ മതി’

‘നല്ല ജേണലിസമെന്നാല്‍ റിപ്പോര്‍ട്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുക, എഡിറ്റര്‍മാര്‍ എഡിറ്റ് ചെയ്യുക എന്നതാണ്. സെല്‍ഫി ജേണലിസ്റ്റുകള്‍ ചെയ്യുന്നതല്ല.’

‘ഗവണ്‍മെന്റില്‍ നിന്നുള്ള വിമര്‍ശനം ഒരു ജേണലിസ്റ്റിന് അഭിമാന ചിഹ്നമാണ്.’

‘നല്ല ജേണലിസം മരിക്കുന്നില്ല. ചീത്ത ജേണലിസം ഒരുപാട് ഒച്ചപ്പാടുണ്ടാക്കുന്നു എന്നേയുള്ളൂ…’

രാജ്യത്തെ പ്രമുഖ പത്രപ്രവര്‍ത്തകരിലൊരാളായ ഝായുടെ ഹൃസ്വപ്രസംഗം കേട്ട് സദസ്സ് കയ്യടിക്കുമ്പോള്‍ അസ്വസ്ഥനായി ഇരിക്കാനേ മോദിക്ക് കഴിഞ്ഞുള്ളൂ.

മോദിയുടെ പ്രസഗവും ഝായുടെ നന്ദി പ്രസംഗവും
1:35:20 മുതല്‍ ഝായുടെ പ്രസംഗം കേള്‍ക്കാം

Related: മോദിയില്‍ നിന്ന് ഗോയങ്ക അവാര്‍ഡ് ഏറ്റുവാങ്ങില്ല; അക്ഷയ മുകുള്‍ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചു