X

‘കാശ്മീരികള്‍ നമ്മുടെ കുടുംബത്തിലെ അംഗം’; രാജ്‌നാഥ് സിംങ്

ന്യൂഡല്‍ഹി:കാശ്മീരിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ പൗരന്‍മാരാണെന്നും അവര്‍ നമ്മുടെ കുടുംബത്തിലെ അംഗങ്ങളാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ്. രാജസ്ഥാനിലെ ചിറ്റോഗര്‍ഗില്‍ മേവാര്‍ സര്‍വ്വകലാശാലയിലെ ആറു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സാഹചര്യത്തിലാണ് രാജ്‌നാഥ് സിംങിന്റെ പ്രതികരണം.

ആറു വിദ്യാര്‍ത്ഥികളെയാണ് ഒരു പ്രകോപനവും കൂടാതെ മാര്‍ക്കറ്റില്‍വെച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എന്നാല്‍ അക്രമിച്ചവരെ ഇതുവരേയും പോലീസിന് പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജ്‌നാഥ്‌സിംങിന്റെ പ്രതികരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി സംഭാവനകള്‍ ചെയ്യുന്നവരാണ് കാശ്മീരികള്‍. ഇന്ത്യയിലെ പൗരന്‍മാരാണ് അവരെന്നും കാശ്മീരികളെ നമ്മുടെ സഹോദരന്‍മാരായി കാണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മേവാര്‍ സര്‍വ്വകലാശാലയില്‍ ഏകദേശം 500-ഓളം കാശ്മീരി വിദ്യര്‍ത്ഥികളും 300-ഓളം ജമ്മു വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. ഹോസ്റ്റല്‍ മുറിയില്‍ ബീഫ്കഴിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദ്ദനമേറ്റിരുന്നു.

chandrika: