ന്യൂഡല്‍ഹി: കഠ്‌വയിലേതിന് സമാനമായി ഉന്നാവോയിലും പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.എല്‍.എക്ക് അനുകൂലമായി റാലി. തിങ്കളാഴ്ചയാണ് ഉന്നാവോ പീഡനക്കേസ് പ്രതിയായ കുല്‍ദീപ് സിങ് സെംഗാര്‍ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള റാലി നടന്നത്. ‘ഞങ്ങളുടെ എം.എല്‍.എ നിരപരാധിയാണ്’ എന്ന പ്ലെക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലി.

ബി.ജെ.പി നേതാവും നഗരപഞ്ചായത്ത് പ്രസിഡണ്ടുമായ അനൂജ് കുമാര്‍ ദീക്ഷിത് ആണ് റാലിക്ക് നേതൃത്വം നല്‍കിയത്. ‘ഞങ്ങളുടെ നേതാവ് നിരപരാധിയാണ്. അദ്ദേഹത്തിനെതിരെ തെറ്റായ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ഈ കേസില്‍ നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം’- അനൂജ് കുമാര്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഘപരിവാറുകാരായ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ‘ഹിന്ദു ഏകതാ മഞ്ച്’ എന്ന സംഘടന റാലി നടത്തിയിരുന്നു. രണ്ട് ബി.ജെ.പി മന്ത്രിമാരാണ് റാലിക്ക് നേതൃത്വം നല്‍കിയിരുന്നത്.