വിവാഹബന്ധം പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തെന്നിന്ത്യന്‍ നായിക രംഭ കോടതിയില്‍. ദാമ്പത്യ അവകാശങ്ങള്‍ വീണ്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചത്.

കോളിവുഡിലെയും മോളിവുഡിലെയും ഒരുകാലത്തെ ഹിറ്റ് നായികയായിരുന്ന രംഭ ഇന്തോ-കനേഡിയന്‍ വ്യവസായി ഇന്ദ്രന്‍ പത്മനാഭനുമായി 2010ലാണ് വിവാഹിതയായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ ഏറെനാളായി ഇവര്‍ വെവ്വേറെ താമസിക്കുകയായിരുന്നു. ഹിന്ദു വിവാഹ നിയമം 9 പ്രകാരം ഭര്‍ത്താവുമായി വീണ്ടും ഒരുമിച്ച് ജീവിക്കണമെന്നും ദാമ്പത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്.

ഹിന്ദി, തമിഴ്, തെലുഗു, കന്നട, മലയാളം ഭാഷകളിലായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച രംഭ ഈ ഭാഷകളിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. മൂന്ന് ബംഗാളി സിനിമകളിലും നായികാവേഷമണിഞ്ഞു. രംഭ നല്‍കിയ പെറ്റീഷനില്‍ കോടതി ഡിസംബര്‍ 3ന് വാദം കേള്‍ക്കും.