ആലപ്പുഴ: പരാജയഭീതി പൂണ്ട സിപിഎം എല്ലായിടത്തും അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സുറിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പാനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊലയാളികളുടെ പാര്‍ട്ടിയായ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണം. എത്ര ചോരകുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ അക്രമം വര്‍ധിച്ചുവരുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഹരിപ്പാട് മണ്ഡലം പ്രസിഡന്റിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് പാനൂരില്‍ ഉണ്ടായത്. ആന്തൂരില്‍ 35 ബൂത്തുകളില്‍ ഒരുബൂത്തിലൊഴികെ എല്ലായിടത്തും മറ്റുപാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. ഇങ്ങനെയാണോ ഉത്തരവാദിത്തമുളള രാഷ്ട്രീയ പ്രസ്ഥാനം പ്രവര്‍ത്തിക്കേണ്ടത്. എംവിഗോവിന്ദന്‍ പറഞ്ഞതനുസരിച്ച് കളളവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞതാണ് കാരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനിയെങ്കിലും സമാധാന അന്തരീക്ഷം നിലനിര്‍ത്താനുളള ശ്രമങ്ങള്‍ സിപിഎം സ്വീകരിക്കണം. സാങ്കേതികമായി അവര്‍ അധികാരത്തിലാണ്. നാട്ടില്‍ മനസമാധാനം പുലരണം. ചെന്നിത്തല പറഞ്ഞു.

തളിപ്പറമ്പില്‍ വ്യാപകമായി ബൂത്തുപിടിത്തമുണ്ടായെന്നും ഇവിടെ റീപോളിങ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തന്റെ നിര്‍ദേശങ്ങള്‍ ഇന്ന് കമ്മിഷന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസ സമൂഹം തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.