തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയാണ്. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി മറ്റാരുമല്ല മുഖ്യമന്ത്രി തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.

വിടുവായത്തം പറയുന്നത് താനല്ല, മുഖ്യമന്ത്രിയാണ്. താന്‍ പറയാനുള്ളത് പറയും, ജനങ്ങളോടുള്ള കടമ നിറവേറ്റുമെന്നും ചെന്നിത്തല പറഞ്ഞു. തന്റെ കഴിവുകേട് മറച്ചുവെക്കാനാണ് അദ്ദേഹം പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും അടിക്കടി കുറ്റപ്പെടുത്തുന്നത്. വിഡ്ഢിത്തം വിളമ്പുന്നതില്‍ കേമനാണ് മുഖ്യമന്ത്രി, അദ്ദേഹം തന്റെ കസേരയിലിരിക്കാന്‍ യോഗ്യനല്ലെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇ.എം.എസിനെപ്പോലുള്ള മഹാന്‍മാരിരുന്ന കസേരയിലാണ് പിണറായി വിജയന്‍ ഇരിക്കുന്നത് എന്നുള്ള അനുതാപമാണ് അദ്ദേഹത്തോടുള്ളത് എന്നും ചെന്നിത്തല പരിഹസിച്ചു.

നേരത്തെ, ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. വിടുവായത്തം പറയുകയാണ് ചെന്നിത്തലയെന്നാണ് പരാമര്‍ശമുണ്ടായത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.