ലക്‌നോ: ദിവസങ്ങള്‍ നീണ്ട അധികാര തര്‍ക്കത്തിനൊടുവില്‍ ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയില്‍ പുത്തന്‍ മാറ്റം. പാര്‍ട്ടിയുടെ ഉന്നത നേതാവ് മുലായം സിങ് യാദവിനെ പുറത്താക്കി മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന പാര്‍ട്ടി കണ്‍വെഷനിലാണ് അഖിലേഷിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. അതേസമയം നിലവില്‍ ദേശീയ പ്രസിഡന്റായ മുലായം സിങിനെ പാര്‍ട്ടി ഉപദേശകനാക്കാനും കണ്‍വെഷന്‍ തീരുമാനിച്ചു. ദേശീയ നിര്‍വാഹക സമിതി ഏകകണ്‌ഠേന തെരഞ്ഞെടുത്തതായി മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ശിവപാലിനെയും അമര്‍സിങ്ങിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ ഉന്നയിച്ചതായാണ് വിവരം. അതേസമയം അഖിലേഷ് വിളിച്ചു ചേര്‍ത്ത പ്രത്യേക കണ്‍വെന്‍ഷന്‍ പാര്‍ട്ടി വിരുദ്ധമാണെന്ന ആരോപണവും ശക്തമാണ്. യോഗത്തില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് മുലായം ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഖിലേഷിനെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് ചര്‍ച്ചകള്‍ക്കു ശേഷം വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായി ശിവ്പാല്‍ യാദവ് ട്വിറ്ററിലൂടെ അറിയിച്ചതിനു പിന്നാലെയാണ് അഖിലേഷ് പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്.