ചണ്ഡിഗഡ്: പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി പ്ലസ്ടു വിദ്യാര്‍ത്ഥി. ഹരിയാനയിലെ ബുദ്ധാഖേദയിലാണ് കഴിഞ്ഞ ആഴ്ച 15 വയസുകാരി പീഡനത്തിനിരായായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസികളായ ആറ് പേരെ പൊലീസ് പിടികൂടി. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രധാന പ്രതിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്താക്കി. വിദ്യാര്‍ത്ഥി പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ വയസ് തെളിയിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നതായും പൊലീസ് അറിയിച്ചു. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നും ശരീരത്തിലെ ആന്തരിക അവയവങ്ങള്‍ക്ക് മുറിവേറ്റിരുന്നതായും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ ദത്താര്‍ വാള്‍ വ്യക്തമാക്കി. ഈ മാസം ഒന്‍പതിനാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമാന സംഭവങ്ങള്‍ ഈ പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം 11 വയസുള്ള ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.