തിരുവനന്തപുരം: വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നു. ഡീസല്‍ വില റെക്കോര്‍ഡിലെത്തുകയും പെട്രോളിന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 1.87 രൂപ കൂടുകയും ചെയ്തിട്ടും എവിടെയും പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താന്‍ ഇനിയും തയാറായിട്ടുമില്ല. ലിറ്ററിന് 66.79 രൂപയാണ് ഇന്നലത്തെ ഡീസല്‍ വില. കഴിഞ്ഞ ആറുമാസത്തിനിടെ എട്ടു രൂപയിലേറെയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. 74.83 രൂപയാണ് പെട്രോളിന്. പെട്രോളിന് ഒന്നര രൂപയോളമാണ് വര്‍ധിച്ചത്.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പെട്രോള്‍ വില 66.93ഉം ഡീസലിന് 58.28 ഉം ആയിരുന്നു. ഏഴ് മാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലകളില്‍ യഥാക്രമം 7.97 രൂപയുടെയും 8.57 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്. ഡീസല്‍ വിലയിലെ കുതിപ്പ് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്.കേരളത്തില്‍ ഡീസല്‍ വില ലിറ്ററിന് ആദ്യമായാണ് 65 രൂപക്ക് മുകളിലാകുന്നത്. വില വര്‍ധന നേരിടാന്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നേരത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള നികുതി ഒഴിവാക്കിയിരുന്നു. 20-35 പൈസ വീതം ദിവസേനയുള്ള ക്രമാനുഗത വര്‍ധനയാണ് ഡീസലിന് ഉണ്ടായിരിക്കുന്നത്. 20-35 പൈസ വീതം വര്‍ധിക്കുന്നതു കൊണ്ടുതന്നെ ഉപഭോക്താക്കള്‍ ഇത് ശ്രദ്ധിക്കാറില്ല. എന്നാല്‍ ഓരോ ദിവസവും ഇത്തരത്തില്‍ വര്‍ധിക്കുമ്പോള്‍ ആഴ്ചയില്‍ ശരാശരി രണ്ടു രൂപയും മാസത്തില്‍ ഇത് എട്ടുരൂപയോ അതിനപ്പുറമോ ആയി ഉയരുകയാണ്. കൊച്ചിയില്‍ ഇന്നലത്തെ ഡീസല്‍ വില 65.31 രൂപയെങ്കില്‍ കാസര്‍കോട് വില 66 കടന്നു. തിരുവനന്തപുരത്ത് 66.45 രൂപയാണ്. പെട്രോള്‍ വിലയും സമാനമായി കുതിക്കുകയാണ്. പെട്രോളിയം കമ്പനികള്‍ വില കൂട്ടുന്നതിന് ആനുപാതികമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കൂടി ചേരുമ്പോഴാണ് ഇന്ധനവില സാധാരണക്കാരനെ പൊള്ളിക്കുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ തുടങ്ങിയതാണ് വിലകൂട്ടല്‍. ഡിസംബര്‍ ഒന്നിന് 67.71 രൂപയായിരുന്നു പെട്രോള്‍ വില. ഇന്ധന വിലയിലുണ്ടാകുന്ന വര്‍ധന പച്ചക്കറികള്‍ ഉള്‍പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ഗണ്യമായ വിലവര്‍ധനക്കാണ് ഇടയാക്കുന്നത്. ഡീസല്‍ വില വര്‍ധന ചരക്ക് നീക്കത്തേയും പൊതുഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. വാഹനം ഉപയോഗിക്കുന്നവരുടെ മാത്രമല്ല, സാധാരണക്കാരുടെ ജീവിതത്തെ പോലും ഇത് തകിടംമറിക്കുന്നു.
ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന് ചൂണ്ടികാട്ടിയാണ് പെട്രോളിയം കമ്പനികള്‍ ഒരു മാസത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ ഉല്‍പന്നങ്ങളുെട വില ഇത്രകണ്ട് വര്‍ധിപ്പിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പെടുത്തിയാല്‍ വിലയില്‍ കുറവുണ്ടാകും. എന്നാല്‍ പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ദിവസവും രാവിലെ ആറുമണിക്കാണ് അന്നത്തെ വില നിശ്ചയിച്ച് മുംബൈയില്‍ നിന്ന് പെട്രോളിയം കമ്പനികളുടെ നിര്‍ദേശം പെട്രോള്‍ പമ്പുകളിലെത്തുന്നത്.