ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തയാറാക്കിയ നാടകം പൊളിയുന്നു. അഴിമതി കേസിലെ പ്രതികളും വിവാദ ഖനി ഉടമകളുമായ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാര്‍ക്ക് സീറ്റ് നല്‍കിയത് ഷാ പറഞ്ഞിട്ടാണെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ വെളിപ്പെടുത്തിയതോടെയാണ് അമിത്ഷായുടെ കള്ളക്കളി വെളിച്ചത്തായത്.

അഴിമതിക്കാരായ റെഡ്ഡി സഹോദരന്മാര്‍ക്കൊപ്പം വേദി പങ്കിടാന്‍ താല്‍പര്യമില്ലാത്തിന്റെ പേരില്‍ കര്‍ണാടകയിലെ ബെല്ലാരി മണ്ഡലത്തില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലി അവസാന നിമിഷം അമിത് ഷാ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം ജനങ്ങളെ കണ്ണില്‍ പൊടിയിടാനാണെന്ന് യെദ്യൂരപ്പയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുകയാണ്.

ഖനി അഴിമതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനാര്‍ദന്‍ റെഡ്ഡിയുടെ സഹോദരന്മാരായ കരുണാകര്‍ റെഡ്ഡിക്കും സോമശേഖര്‍ റെഡ്ഡിക്കും സീറ്റ് നല്‍കുന്നതില്‍ അമിത് ഷാക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. അവര്‍ക്ക് സീറ്റ് നല്‍കാനുള്ള നിര്‍ദേശം നല്‍കിയത് അമിത്ഷായായിരുന്നു.

ജനാര്‍ദന്‍ റെഡ്ഡി മത്സരിക്കുന്നില്ലെന്നും അദ്ദേഹം ബെല്ലാരിയിലും സമീപത്തെ 15 ജില്ലകളിലും പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും യെദ്യൂരപ്പ ന്യായീകരിച്ചു. റെഡ്ഡിമാരില്‍ നിന്ന് സഹായം തേടുന്നതിന് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും 150 സീറ്റ് നേടുകയെന്നതാണ് പാര്‍ട്ടിക്ക് പ്രധാനമെന്നും യെദ്യൂരപ്പ പറഞ്ഞു.

അഴിമതിയോട് വിട്ടുവീഴ്ചയില്ലെന്ന് മോദി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കര്‍ണാടകയില്‍ റെഡ്ഡി സഹോദരന്മാര്‍ക്ക് ബിജെപി സീറ്റ് നല്‍കിയത്.