യുഎന്‍: സിറിയയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യാന്‍ യുഎന്നില്‍ സ്വീഡന്റെയും കുവൈത്തിന്റെയും പ്രമേയം. ഒരു മാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് വീണ്ടും അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. സിറിയയിലെ യുദ്ധമുഖത്തു നിന്നു റഷ്യ പിന്മാറിയതിനു പിന്നാലെയാണ് യുഎന്നില്‍ പ്രമേയം അവതരിപ്പിച്ചത്. 30 ദിവസത്തേക്ക് രാജ്യത്ത് വെടിനിര്‍ത്തല്‍ നടപടി സ്വീകരിക്കണമെന്നും എന്നാല്‍ ഐഎസ്-അല്‍ഖ്വയ്ദ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം ഒഴിവാക്കരുതെന്നും പ്രമേയത്തില്‍ പറയുന്നു. ദമസ്‌ക്കസിലും ഇദ്‌ലിബിലും തീവ്രവാദ സംഘടനകള്‍ക്കെതിരെ പോരാട്ടം നടക്കുകയാണ്.
പ്രമേയത്തില്‍ അടുത്ത ആഴ്ച വോട്ടെടുപ്പ് നടക്കും. സിറിയയിലെ രാഷ്ട്രീയ-സന്നദ്ധ സംഘടനകളും വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തണമെന്നു ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായ അക്രമണങ്ങള്‍ നടക്കുന്ന സിറിയയിലെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണ്. കിഴക്കന്‍ ഗ്വോട്ട അടക്കമുള്ള പ്രദേശങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെ ഭരണകൂടം നടത്തിയ ബോംബാക്രമണങ്ങളില്‍ 240 സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. പല പ്രദേശങ്ങളിലും ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ട്. കൂടാതെ മരുന്നു ക്ഷാമവും നേരിടുന്നു. യുദ്ധത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്കായി മരുന്നുമായി എത്തിക്കാന്‍ യുഎന്‍ ആരോഗ്യ സംഘടനാ സംഘത്തിന് സാധിച്ചിരുന്നില്ല.