ഡബ്ലിന്‍: ഐറിഷ് ഹിതപരിശോധന ഫലം ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമെന്ന് എക്‌സിറ്റ്‌പോള്‍. വന്‍ പോളിങ് നടന്ന ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ 69 ശതമാനം പേര്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് ആര്‍ടിഇ ടെലിവിഷനും ഐറിഷ് ടൈംസും നടത്തിയ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. ഗര്‍ഭച്ഛിദ്രം തടയുന്ന നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ചാണ് ഹിതപരിശോധന നടത്തിയത്.

ഫലം ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാണെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കറും പ്രഖ്യാപിച്ചു. ജനങ്ങള്‍ സംസാരിച്ചിരിക്കുകയാണെന്നും ആധുനിക രാജ്യത്തിന് ആധുനിക ഭരണഘടനയാണ് ആവശ്യമെന്ന് അവര്‍ വ്യക്തമാക്കിയതായും വരാഡ്കര്‍ പറഞ്ഞു. നിശബ്ദ വിപ്ലവമെന്നാണ് അദ്ദേഹം ഫലത്തെ വിശേഷിപ്പിച്ചത്. റോമന്‍ കത്തോലിക്കന്‍ രാജ്യമായ അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രത്തിന് കടുത്ത വിലക്കുണ്ട്. സമീപ കാലം വരെ ഒരു സാഹചര്യത്തിലും ഗര്‍ഭച്ഛിദ്രം അനുവദിച്ചിരുന്നില്ല.

2013ല്‍ ഇന്ത്യന്‍ യുവതിയുടെ മരണത്തെ തുടര്‍ന്ന് അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ ഗര്‍ഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നു. 1983ലെ ഭരണഘടനാ ഭേദഗതി പ്രകാരം അമ്മക്കും ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാന്‍ തുല്യാവകാശമുണ്ട്. അയര്‍ലണ്ഡിലെ നിയമപരമായ കടുംപിടുത്തമാണ് അസവിത ഹലപ്പനാവര്‍ എന്ന ഇന്ത്യന്‍ ദന്തഡോക്ടറുടെ മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. യുവതിയുടെ ഗര്‍ഭം അലസിപ്പോയെങ്കിലും ഗര്‍ഭപാത്രത്തിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഐറിഷ് നിയമം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹലപ്പനാവര്‍ മരിച്ചത്.

കടുത്ത യാഥാസ്ഥിതിക വിശ്വാസം വെച്ചുപുലര്‍ത്തുന്ന അയര്‍ലണ്ടില്‍ സമീപ കാലത്ത് പല നിയമങ്ങളിലും അയവ് വരുത്തിയിട്ടുണ്ട്. 2015ല്‍ ഹിതപരിശോധനയിലൂടെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയിരുന്നു. അതിനുശേഷം ചരിത്രത്തില്‍ ആദ്യമായി അയര്‍ലണ്ടില്‍ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രി അധികാരത്തില്‍ വരുകയും ചെയ്തു.