ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറിയാണ് ഇത്. ടെസ്റ്റില്‍ ഓപ്പണറുടെ റോളിലേക്ക് എത്തിയതിന് ശേഷമുള്ള മൂന്നാമത്തെ സെഞ്ചുറിയും.

130 പന്തില്‍ നിന്നാണ് രോഹിത് മൂന്നക്കം കടന്നത്. 14 ഫോറും രണ്ട് സിക്‌സും ഹിറ്റ്മാന്റെ ബാറ്റില്‍ നിന്ന് വന്നു. 2019 ഒക്ടോബറിലാണ് ഇതിന് മുന്‍പ് അവസാനമായി രോഹിത് സെഞ്ചുറി കണ്ടെത്തിയത്. ഇംഗ്ലണ്ടിന് എതിരായ രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമാണ് ചെപ്പോക്കില്‍ പിറന്നത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രണ്ടാമത്തെ ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായിരുന്നു. പൂജാരയ്‌ക്കൊപ്പം നിന്ന് രോഹിത് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്‍പോട്ട് കൊണ്ടുപോയി. 85 റണ്‍സ് ആണ് പൂജാരയും രോഹിത്തും ചേര്‍ന്ന് കണ്ടെത്തിയത്. എന്നാലതില്‍ 64 റണ്‍സും വന്നത് രോഹിത്തില്‍ നിന്നാണ്. കോഹലി വന്നപാടെ മടങ്ങിയിട്ടും രോഹിത് കുലുങ്ങിയില്ല. ടീ ബ്രേക്കിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 എന്ന നിലയിലാണ്.