ചെന്നൈ: ആദ്യം കാണുന്നവര്‍ കളിക്കിടെ രഹാനെ ഉറങ്ങുകയാണോയെന്ന് ചിന്തിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിംങ്ങിനിടെ കണ്ണുകളടച്ച് ധ്യാനിക്കുന്ന രഹാനെയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് മുന്‍പും ബാറ്റിങ്ങിന്റെ ഇടവേളകളിലും ചെറിയ രീതിയില്‍ ധ്യാനിക്കാന്‍ സമയം കണ്ടെത്തുന്നയാളാണ് രഹാനെ. ക്രിക്കറ്റ് മാധ്യമപ്രവര്‍ത്തകന്‍, ഭാരത് സുന്ദരേശനാണ് രഹാനെ ധ്യാനിക്കുന്നതിന്റെ 2 ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുന്‍പ് രഹാനെ ഇരിക്കുന്നതും, ബാറ്റിങ്ങിനിടയില്‍ കണ്ണടച്ചു നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് ഭാരത് പങ്കുവച്ചത്. ഇതു നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിക്കുശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതിരുന്ന രഹാനെ, അര്‍ധസെഞ്ചുറി തികച്ചശേഷമാണ് പുറത്തായത്. 149 പന്തില്‍നിന്ന് 67 റണ്‍സെടുത്ത രഹാനയെ മൊയീന്‍ അലിയാണ് പുറത്താക്കിയത്.