കാസര്‍ഗോഡ്: ചുവന്ന മുണ്ടുടുത്തതിന് യുവതിയുള്‍പ്പടെയുള്ള സംഘത്തിന് ആര്‍എസ്എസ് മര്‍ദ്ദനമേറ്റു. കാസര്‍ഗോഡ് തെയ്യം കാണാന്‍ എത്തിയ സുഹൃത് സംഘത്തിനാണ് ആര്‍എസ്എസുകാരില്‍ നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. സഹസംവിധായകനും തിരുവനന്തപുരം സ്വദേശിയുമായ ജെഫ്രിന്‍, മാധ്യമവിദ്യാര്‍ഥിയായ ശ്രീലക്ഷ്മി, കാസര്‍ഗോഡ് സ്വദേശി നവജിത്, രാഹുല്‍ എന്നിവരെയാണ് കാഞ്ഞങ്ങാടിനടുത്തുള്ള പറക്‌ളായില്‍ വെച്ച് ആര്‍എസ്എസ് സംഘം ആക്രമിച്ചത്.

മര്‍ദ്ദനത്തില്‍ നെഞ്ചെല്ലിനും കൈക്കും പരിക്കേറ്റ ജെഫ്രിന്‍ ഇപ്പോള്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. തെയ്യം കണ്ട ശേഷം നവജിത്തിന്റെ അമ്മക്ക് മരുന്നുമായി എത്തിയതായിരുന്നു സുഹൃത്തുക്കള്‍. യാതൊരു പ്രകോപനവുമില്ലാതെ ജെഫ്രിനെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് തടയാന്‍ ശ്രമിച്ച സുഹൃക്കള്‍ക്കും മര്‍ദ്ദനമേറ്റു. അടിക്കുന്നതിനിടയില്‍ ഊരടാ നിന്റെ മുണ്ട്’ എന്നും അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.

പിന്നീട് ആസ്പത്രിയില്‍ ആര്‍എസ്എസ് നേതാവ് എത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാരാണെന്ന് തെറ്റിദ്ധരിച്ചതിനാലാണ് മര്‍ദ്ദിച്ചതെന്നും പോലീസില്‍ അറിയിച്ചാല്‍ ആസ്പത്രിക്ക് വെളിയില്‍ വരില്ലെന്നും ആര്‍എസ്എസ് നേതാവ് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.