ലക്‌നൗ: മുസ്‌ലിംങ്ങളെ കൂടെ നിറുത്താന്‍ റമസാനില്‍ പാല്‍വിതരണം ചെയ്യാന്‍ ആര്‍.എസ്.എസിന്റെ മുസ്‌ലിം മുഖമായ മുസ്‌ലിം രാഷ്ട്രീയ മഞ്ചൊരുങ്ങുന്നു. രാജ്യത്ത് ബീഫുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളൊഴിവാക്കാനാണ് രാഷ്ട്രീയ മഞ്ച് പാല്‍ വിതരണത്തിനൊരുങ്ങുന്നത്.

രാജ്യമെങ്ങും ഗോവധത്തിന്റെ പേരില്‍ മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പശുസംരക്ഷണത്തില്‍ മുസ്‌ലിംങ്ങള്‍ പിറകിലല്ലെന്ന് അറിയിക്കാനായി പുതിയ പദ്ധതി ഇറങ്ങുന്നത്. മുസ്‌ലിംങ്ങള്‍ക്ക് പാല്‍വിതരണം ചെയ്ത് അവരെ കയ്യിലെടുക്കാനാണ് പുതിയ ശ്രമം. നോമ്പുതുറക്കുശേഷമാണ് പാല്‍ സര്‍ബത്ത് വിതരണം ചെയ്യുന്നതെന്ന് മുസ്‌ലിം രാഷ്ട്രീയ മഞ്ച് ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്‌സല്‍ പറയുന്നു. പശുപാല്‍ കുടിക്കുന്നതിന്റെ ഗുണങ്ങളും ഇറച്ചി കഴിക്കുന്നതിന്റെ ദോഷഫലങ്ങളും മുസ്‌ലിംങ്ങളെ ബോധ്യപ്പെടുത്തുക കൂടി പദ്ധതിയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറയുന്നു.

ഉത്തരാഖണ്ഡില്‍ രണ്ടു ദിവസം നീണ്ടു നിന്ന എക്‌സിക്യൂട്ടീവിലാണ് പുതിയ തീരുമാനങ്ങള്‍ കൈകൊണ്ടിരിക്കുന്നത്. മുത്തലാഖും രാമക്ഷേത്ര നിര്‍മ്മാണവുമൊക്കെ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.