ന്യൂഡല്‍ഹി: രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ വന്‍വര്‍ധന. ഖത്തര്‍ റിയാലും യുഎഇ ദിര്‍ഹവുമെല്ലാം ഉയര്‍ന്ന നിരക്കിലെത്തി. ഖത്തര്‍ റിയാല്‍ 18.79രൂപവരെയായി. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുഎഇ ദിര്‍ഹം 18.73 രൂപയിലെത്തി. എട്ടുമാസത്തെ ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ മൂല്യം ഉയര്‍ന്നെങ്കിലും നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന് മണി എക്‌സ്‌ചേഞ്ച് അധികൃതര്‍ പറയുന്നു.

ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കുവൈത്ത് ദിനാര്‍. കുവൈത്ത് ദിനാറിന് 224.25 രൂപയാണ്. നാട്ടിലെ പണപ്രതിസന്ധിതന്നെയാണ് നാട്ടിലേക്ക് പണയമക്കുന്നതില്‍ നിന്നും പ്രവാസികളെ വലച്ചിരിക്കുന്നത്. നിരക്ക് ഉയരുമ്പോള്‍ സാധാരണയുണ്ടാകാറുള്ള പണമൊഴുക്കൊന്നും ഇല്ലെന്ന് പണമിടപാട് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കുന്ന രീതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

2013ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം ഏറ്റവും ഇടിഞ്ഞത്. അന്ന് വിനിമയ നിരക്ക് 18.80 രൂപയിലെത്തിയിരുന്നു.