മോസ്‌കോ: യുക്രെയ്ന്‍ യുദ്ധത്തെ ചൊല്ലിയുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് റഷ്യ യാത്രാ വിലക്കേര്‍പ്പെടുത്തി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സി.ഐ.എ മേധാവി വില്യം ബേണ്‍സും വിലക്ക് നേരിടുന്നവരുടെ പട്ടികയിലുണ്ട്.

നിരോധനം പ്രതീകാത്മകമാണെങ്കിലും റഷ്യ-പാശ്ചാത്യ പോര് പുതിയ വഴിത്തിവിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. യുക്രെയ്‌നെ ആയുധങ്ങള്‍ നല്‍കി സഹായിച്ചും സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയും റഷ്യക്കെതിരെ പാശ്ചാത്യ ശക്തികള്‍ കടുത്ത നീക്കങ്ങള്‍ തുടരുകയാണ്. തിരിച്ച് റഷ്യയും പ്രതികാര നടപടികള്‍ തുടരുന്നുണ്ട്.

ഇന്നലെ പ്രസിഡന്റ് ബൈഡന്‍ യുക്രെയ്‌ന് 400 കോടി ഡോളറിന്റെ സഹായം കൂടി പ്രഖ്യാപിച്ചു. നേരിട്ട് അല്ലെങ്കിലും യുദ്ധത്തില്‍ അമേരിക്ക പ്രത്യക്ഷ കരുനീക്കങ്ങള്‍ തുടരുകയാണ്.