ആഷിക് അബുവിന്റെ മായാനദിയിലെ ഒരു രംഗം തീര്‍ത്തും സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശബരീന്ഥ് എം. എല്‍ എ. റിവ്യൂകള്‍ ധാരാളം കണ്ടെങ്കിലും അതിലൊന്നും ഈ രംഗത്തെക്കുറിച്ച് പരാമര്‍ശിച്ചു കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മായാനദിയിലെ കഥാപാത്രമായ സമീറയെ സഹോദരന്‍ അടിക്കുന്ന ദൃശ്യമാണ് ശബരീനാഥന്‍ സ്ത്രീവിരുദ്ധതക്ക് ഉദാഹരണമായി പറയുന്നത്. സിനിമയില്‍ തിരക്കുള്ള നടിയായിരുന്ന സമീറയെ സഹോദരന്‍ ഗള്‍ഫില്‍ നിന്നെത്തി മുഖത്തടിച്ച് നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടുപോകുമ്പോഴും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളൊന്നും പ്രതികരിച്ചില്ലെന്നതാണ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്.

ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു. നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്‌ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.

ശബരീനാഥന്റെ പോസ്റ്റ്

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ? പക്ഷേ നിര്‍ഭാഗ്യവശാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല! സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം. അതില്‍ നമ്മള്‍ സൗകര്യപൂര്‍വം സെലക്ടീവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.
ക്കുന്നത്.