ശബരിമല ദര്‍ശനത്തിന് പോകാന്‍ എത്തിയതാണെന്ന തെറ്റായ വിവരത്തെ തുടര്‍ന്ന് യുവതിയ്ക്കും ഭര്‍ത്താവിനും നേരെ സംഘപരിവാര്‍ സംഘടനകളും ഭക്തരും സംഘടിച്ചെത്തി പ്രതിഷേധിച്ചു. ഇന്നലെ എരുമേലിയിലെത്തിയ വിജയവാഡ സ്വദേശികളായ കിരണ്‍കുമാര്‍, നീലിമ എന്നിവരെയാണ് പ്രതിഷേധക്കാര്‍ മലചവിട്ടാനെത്തിയവരെന്ന് സംശയിച്ച് തടഞ്ഞത്. എന്നാല്‍ തങ്ങള്‍ ശബരിമലയ്ക്കു പോകാന്‍ വന്നവരല്ലെന്ന് യുവതിയും ഭര്‍ത്താവും വ്യക്തമാക്കിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

പമ്പ സ്‌പെഷല്‍ ബസില്‍ തീര്‍ഥാടകര്‍ക്കൊപ്പം യുവതിയും ഭര്‍ത്താവും എരുമേലിക്ക് ടിക്കറ്റ് എടുത്തതായി ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ക്ക് രാവിലെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭക്തര്‍ അടക്കമുള്ളവര്‍ എരുമേലി ഡിപ്പോ പരിസരത്ത് കാത്തു നിന്നു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ദമ്പതികള്‍ ഡിപ്പോയിലെത്തിയതോടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനന്‍, എരുമേലി സിഐ ടി.ഡി. സുനില്‍കുമാര്‍, എസ്‌ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്ക് സുരക്ഷ ഒരുക്കി. പൊലീസിന്റെ അകമ്പടിയോടെ വലിയമ്പലത്തിലേക്ക് പോയ ഇവര്‍ ക്ഷേത്രത്തിലെത്തി തൊഴുന്നതിനിടെ സ്ത്രീകള്‍ നടപ്പന്തലില്‍ ഇരുന്ന് നാമജപം നടത്തി.

തങ്ങള്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ വന്നതാണെന്നും ശബരിമല ദര്‍ശനത്തിന് എത്തിയതല്ലെന്നും ഇവര്‍ പ്രതിഷേധക്കാരോട് പറഞ്ഞു. എരുമേലിക്കു ശേഷം ചെങ്ങന്നൂര്‍ ക്ഷേത്രത്തിലേക്കു പോകുമെന്നും ഇവര്‍ പറഞ്ഞതോടെയാണ് പ്രതിഷേധം കെട്ടടങ്ങിയത്. തുടര്‍ന്ന് ഇവരെ കെഎസ്ആര്‍ടിസി ബസില്‍ കയറ്റി വിട്ടു.