തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന ഗൂഢാലോചനയുടെ വിവരണവുമായി സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍ പിള്ള യുവമോര്‍ച്ചയുടെ യോഗത്തില്‍ നടത്തിയ പ്രസംഗം ചോര്‍ന്നത് വിവാദമായി. ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവന താനുമായി ആലോചിച്ചാണെന്നും കോടതിയലക്ഷ്യം ഉണ്ടാകില്ലെന്ന് തന്ത്രിക്ക് ഉറപ്പ് നല്‍കിയതായും ശ്രീധരന്‍പിള്ള പറയുന്നു. ബി.ജെ.പിക്ക് ഇത് സുവര്‍ണ്ണാവസരമാണെന്നും തങ്ങളുടെ അജണ്ടയില്‍ ഓരോരുത്തരും വീഴുകയാണെന്നും ശ്രീധരന്‍പിള്ള പറയുന്നുണ്ട്.

ശബരിമലയിലെ സമരം ബി.ജെ.പിയാണ് ആസൂത്രണം ചെയ്തത്. നമ്മുടെ ജനറല്‍ സെക്രട്ടറിമാര്‍ അത് വിജയകരമായി നടപ്പാക്കി. ഐ.ജി ശ്രീജിത്ത് രണ്ട് സ്ത്രീകളുമായി ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് തടഞ്ഞതെന്നും ശ്രീധരന്‍ പിള്ള യോഗത്തില്‍ വെളിപ്പെടുത്തുന്നു.