X
    Categories: CultureMoreNewsViews

കൊച്ചിയില്‍ കടകള്‍ തുറന്നു; വാഹനങ്ങള്‍ക്ക് നേരെ ആക്രമണം

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി എറണാകുളം. ജില്ലയുടെ പല ഭാഗത്തും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. സംഘപരിവാര്‍ ആക്രമണം ഭയന്ന് സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിലിറങ്ങിയില്ല. കൊച്ചി നഗരത്തില്‍ പകുതിയിലധികം വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. ബ്രോഡ്‌വെയില്‍ രാവിലെ കടകള്‍ തുറന്നെങ്കിലും പിന്നീട് ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. എന്നാല്‍ പിന്നീട് കൂടുതല്‍ വ്യാപാരികളെത്തി കടകള്‍ വീണ്ടും തുറന്നതോടെ ഇവിടെ ഹര്‍ത്താല്‍ പൊളിഞ്ഞു. പശ്ചിമ കൊച്ചിയിലും ഹര്‍ത്താല്‍ കാര്യമായ ചലനമുണ്ടാക്കിയില്ല.

അതേസമയം ജില്ലയുടെ പല ഭാഗങ്ങളിലും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടു. സൗത്ത് കളമശേരി, എച്ച്എംടി ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ സംഘര്‍ഷം ഉടലെടുത്തു. എച്ച്എംടി ജങ്ഷനില്‍ രാവിലെ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കാനുള്ള ശ്രമം ചെറുക്കാന്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ഇതിനിടെ കടകള്‍ പൂട്ടുകയും ചെയ്തു. കമ്പനിപ്പടി, പാതാളം, വാഴക്കാല എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്കു നേരേ ആക്രമണമുണ്ടായി. കലൂര്‍, പാലാരിവട്ടം മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. പൊലീസ് സംരക്ഷണമില്ലാത്തതിനാല്‍ വ്യാപാരികള്‍ക്ക് ഇവിടെ ആക്രമികളെ പ്രതിരോധിക്കാനായില്ല.

കളമശേരിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 52 പേരെ അറസ്റ്റ് ചെയ്തു. എറണാകുളം സിറ്റി പരിധിയില്‍ 300 ഓളം പേരെ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു. വാഴക്കാലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനത്തിനിടെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. അക്രമികളുടെ കല്ലേറില്‍ ടെമ്പോ ട്രാവലറിന്റെ ചില്ലു തകര്‍ന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 36 ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കച്ചേരിപ്പടിയില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച ആറു പേരെ എറണാകുളം സെന്‍ട്രല്‍ പൊലീസും തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷന് സമീപം റോഡ് ഉപരോധിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ ഹില്‍പാലസ് പൊലീസും അറസ്റ്റ് ചെയ്തു നീക്കി. പെരുമ്പാവൂര്‍, ഏലൂര്‍ പാതാളം, കലൂര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണത്തിന് ശ്രമിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: