കൊച്ചി: സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയിലെ സ്ഥിതി അതീവഗുരുതരമാണെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. യുവതികളുടെ പ്രവേശനം തടയാന്‍ രാഷ്ട്രീയപ്രവര്‍ത്തകരും വിശ്വാസസംരക്ഷകരെന്ന പേരില്‍ കുറച്ചുപേരും സന്നിധാനത്ത് നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയെ അറിയിച്ചു.

എരുമേലി, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മണ്ഡലകാലത്ത് അക്രമത്തിലും തിരക്കിലും പെട്ട് തീര്‍ഥാടകര്‍ക്കും പൊലീസിനും ജീവാപായം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍ 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്ന സ്ഥിതിയുണ്ടായി. മണ്ഡലകാലത്ത് നട തുറക്കുമ്പോഴും പ്രതിഷേധത്തിന് സാധ്യതയുണ്ട്. ദര്‍ശനത്തിനെത്തിയവരെ തടഞ്ഞതുമായി ബന്ധപ്പെട്ട് 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.